ക​ക്ക​ടാ​ശേ​രി – ഞാ​റ​ക്കാ​ട് റോ​ഡി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്നു

പോത്താനിക്കാട്: യാത്രക്കാരുടെ ദീര്‍ഘനാളത്തെ മുറവിളിക്കുശേഷം 68 കോടി ചെലവഴിച്ച് നവീകരിച്ച കക്കടാശേരി ഞാറക്കാട് റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. ഒരാഴ്ചക്കുള്ളില്‍ രണ്ട് ജീവനുകളാണ് ഈ റോഡില്‍ പൊലിഞ്ഞത്. ഒരാഴ്ച മുന്‍പ് പുന്നമറ്റത്തുണ്ടായ അപകടത്തില്‍ മൂവാറ്റുപുഴ ജലസേചന വകുപ്പിലെ ജീവനക്കാരനായ പല്ലാരിമംഗലം കൂറ്റന്‍വേലി കൊമ്പനതോട്ടത്തില്‍ റോയി മരിച്ചു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇളങ്ങവം കവലയില്‍ മറ്റൊരു ബൈക്ക് യാത്രികനും കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ബാങ്ക് ജീവനക്കാരനായ അഞ്ചല്‍പ്പെട്ടി പുത്തന്‍പുരയില്‍ വിനീത് (28) ആണ് മരിച്ചത്. റോഡിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായപ്പോള്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു.ഇവിടെ റോഡപകടങ്ങള്‍ പതിവാകുകയാണ്. വെള്ളിയാഴ്ച രാവിലെ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റ് തകര്‍ത്താണ് അപകടമുണ്ടാക്കിയത്. യാത്രക്കാര്‍ രക്ഷപ്പെട്ടു. റോഡ് നന്നായപ്പോള്‍ ഉണ്ടായ അമിത വേഗവും, അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമായി പറയുന്നത്. കരാര്‍ പ്രകാരം റോഡിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാത്തതും മറ്റൊരു കാരണമാണ്.

റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യാതെ കിടക്കുന്നതിനാല്‍ ആവശ്യത്തിന് വീതി ഇല്ലാത്ത സ്ഥിതിയുണ്ട്. ചില സ്ഥലങ്ങളില്‍ ടാറിംഗിന് മുന്‍പേ റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ്‌ചെയ്തു പോയതിനാല്‍ ഉണ്ടായിട്ടുള്ള കട്ടിംഗ് മറ്റൊരു പ്രശ്‌നമാണ്. അശാസ്ത്രീയമായാണ് മിക്കയിടത്തും റോഡിന്റെ നിര്‍മ്മാണം നടത്തിയത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുപോലും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുകയോ, വളവുകള്‍ നിവര്‍ത്തുകയോ ചെയ്തിട്ടില്ല. കരാറുകാരന്റെ താത്പര്യങ്ങള്‍ നടപ്പിലാക്കാന്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായി ആക്ഷേപമുണ്ട്. ഒട്ടേറെ അപകടങ്ങള്‍ ഉണ്ടാക്കിയ പുളിന്താനം പാലം പുതുക്കിപ്പണിതപ്പോള്‍ പഴയതിനേക്കാള്‍ മോശം അവസ്ഥയിലായി. നെടുവക്കാട് പമ്പു കവല, പോത്താനിക്കാട് മഠാശുപത്രി കവല, ഇല്ലിച്ചുവട്, അഞ്ചല്‍പ്പെട്ടി, കടുംപിടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലെ കൊടുംവളവുകള്‍ അതേപടി നിലനിര്‍ത്തിയാണ് റോഡിന്റെ നവീകരണം നടത്തിയത്. അപകടങ്ങള്‍ ഏറിയതിനാല്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇനിയൊരു ജീവന്‍ കൂടി നഷ്ടമാകാതിരിക്കാന്‍ പോലീസും, മോട്ടോര്‍ വാഹന വകുപ്പും പരിശോധന ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: Content is protected !!