തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ വി​ള്ള​ലു​ക​ൾ

വാഴക്കുളം: സംസ്ഥാന പാതയില്‍ വിള്ളലുകള്‍ കൂടുതലായി രൂപപ്പെടുന്നു. സംസ്ഥാന പാതയുടെ ഭാഗമായുള്ള തൊടുപുഴ-മൂവാറ്റുപുഴ റോഡിലാണ് അടുത്തടുത്തായി വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ടാറിംഗില്‍ നേരിയ വരപോലെ ആദ്യം കാണുകയും ഏതാനും ദിവസങ്ങള്‍ക്കകം ആ ഭാഗത്ത് വിള്ളലുകള്‍ രൂപപ്പെടുകയുമാണ്. ദിനംപ്രതി ടാറിംഗ് അകന്നു മാറി വലിയ കുഴികളുമാകുന്നു. വാഹനങ്ങള്‍ ഇത്തരം കുഴികളില്‍ വീഴാതെ വെട്ടിച്ചു മാറ്റുന്നതും വേഗത നിയന്ത്രിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ആവോലിയില്‍ അര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ചിടത്താണ് ഇത്തരം വിള്ളലുകളുള്ളത്. കണ്ണപ്പുഴ ഭാഗത്തു നിന്ന് ആവോലി സെന്റ് ജോര്‍ജ് കപ്പേളയിലേക്കുള്ള വളവില്‍ റോഡിനു നടുവിലായി നീളത്തില്‍ വരപോലെ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. വാഴക്കുളം ടൗണിന്റെ കിഴക്കേ അറ്റത്തും വേങ്ങച്ചുവട്, കദളിക്കാട് പ്രദേശങ്ങളിലും ഇത്തരത്തില്‍ അടുത്തടുത്തായി വിള്ളലുകള്‍ കാണാം. അടിക്കടി ഉയരുന്ന അന്തരീക്ഷ താപനിലയാകാം ഇത്തരത്തില്‍ വിള്ളലുകള്‍ക്ക് കാരണമെന്നാണ് കരുതുന്നത്. റോഡ് റീടാറിംഗിനായി കാത്തിരിക്കാതെ ഇത്തരം വിള്ളലുകള്‍ കാണപ്പെടുന്ന പ്രദേശത്ത് അടിയന്തരമായ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നതാണ് ആവശ്യം.

 

Back to top button
error: Content is protected !!