എം.പി ഫണ്ട് 3.66 കോടി രൂപ ഡീന്‍ കുര്യാക്കോസ് ചിലവഴിച്ചിട്ടില്ലന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയതായി സിപിഎം

ഇടുക്കി: ഡീന്‍ കുര്യാക്കോസ് എം.പി ഫണ്ട് 3.66 കോടി രൂപ ഇനിയും ചിലവഴിച്ചിട്ടില്ലന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വ്യക്തമാക്കിയതായി സിപിഎം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് സി.വി. വര്‍ഗീസിന് ജില്ലാ കളക്ടര്‍ നല്‍കിയ മറുപടിയിലാണ് 3.66 കോടി രൂപ ഇപ്പോഴും ചിലവഴിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാക്കിയത്. എം.പി ഫണ്ട് പൂര്‍ണമായും ചെലവഴിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് പ്രചരിപ്പിക്കുന്നതായി ഡീന്‍ കുര്യാക്കോസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. എം.പി ലാഡ്‌സ് വെബ്സൈറ്റില്‍ ഇപ്പോഴും 3.66 കോടി കാണിക്കുന്നെന്ന് കാണിച്ച് ചീഫ് ഇലക്ഷന്‍ ഏജന്റ് സി.വി. വര്‍ഗീസ് കളക്ടര്‍ക്ക് മറുപടി നല്‍കിയിരുന്നു.

ഇക്കാര്യം ശരി വെച്ചാണ് ജില്ലാ കളക്ടര്‍ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കുന്നു. 356 പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതില്‍ 102 എണ്ണം പൂര്‍ത്തിയാക്കുകയും ഏഴ് എണ്ണം ഭാഗികമായി പൂര്‍ത്തീകരിക്കുകയും മാത്രമാണുണ്ടായത്. ബാക്കിയുള്ള 254 പ്രവര്‍ത്തികള്‍ ഇതുവരെയും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് പ്ലാനിംഗ് ഓഫീസര്‍ ഏപ്രില്‍ 20ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എം.പി ഫണ്ട് മുഴുവന്‍ ചെലവഴിച്ചതായി യുഡിഎഫ് നടത്തുന്ന വ്യാജ പ്രചരണം നിര്‍ത്തുവാന്‍ ജില്ലാ കളക്ടര്‍ തയ്യാറാവണമെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന്‍ ഏജന്റ് സി.വി. വര്‍ഗീസ് ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!