പാ​യി​പ്ര പ്ര​സി​ഡ​ന്‍റ് തെരഞ്ഞെടുപ്പ്: മുസ്ലീംലീഗിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിലെ തര്‍ക്കം

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 23ന് നടക്കാനിരിക്കെ കോണ്‍ഗ്രസിലെ തര്‍ക്കം മുസ്ലീംലീഗിനെ പ്രതിസന്ധിയിലാക്കി. ധാരണ പ്രകാരം കോണ്‍ഗ്രസിലെ മാത്യൂസ് വര്‍ക്കി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ആദ്യ മൂന്നുവര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ട് വര്‍ഷം മുസ്ലീംലീഗിനും എന്നായിരുന്ന ധാരണ. ഭൂരിപക്ഷം ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തിന് രണ്ടുപേര്‍ രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഒരാള്‍ക്ക് ആദ്യ രണ്ടുവര്‍ഷവും രണ്ടാമന് ഒരു വര്‍ഷവും പദവി നല്‍കാന്‍ തീരുമാനിച്ചെങ്കിലും കരാര്‍ എഴുതിയിരുന്നില്ല. പ്രസിഡന്റായ മാത്യൂസ് വര്‍ക്കി മൂന്നുവര്‍ഷവും സ്ഥാനത്ത് തുടര്‍ന്നു. ഇതിനിടെ പലപ്പോഴും സ്ഥാനം വിട്ടുതരണമെന്ന് രണ്ടാമന്‍ ആവശ്യപ്പെട്ടെങ്കിലും വിലപ്പോയില്ല. കാലവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ആഴ്ച മാത്യൂസ് വര്‍ക്കി സ്ഥാനം ഒഴിഞ്ഞു. പിന്നാലെയാണ് നാളെ രാവിലെ 11 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവായത്.

തുടര്‍ന്ന് യുഡിഎഫിലെ കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ക്ക് നേതൃത്വം വിപ്പ് നല്‍കി. എന്നാല്‍ കോണ്‍ഗ്രസിലെ പി.എം.അസീസ് വിപ്പ് കൈപ്പറ്റിയില്ല. മുന്‍ ധാരണ അനുസരിച്ച് ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്ന നിലപാടിലാണ് അസീസ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ മുസ്ലീംലീഗ് തയറായില്ല. കോണ്‍ഗ്രസിന് മൂന്നു വര്‍ഷം പ്രസിഡന്റ് സ്ഥാനം ലഭിച്ചെന്നും അടുത്ത ഊഴം തങ്ങളുടേതാണെന്നും അവര്‍ പറയുന്നു. 22 അംഗ പഞ്ചായത്ത് സമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും, മുസ്ലീം ലീഗിന് മൂന്നും ഉള്‍പ്പടെ യുഡിഎഫിന് 12 അംഗങ്ങളുണ്ട്. സിപിഎം എട്ട് , സിപിഐ രണ്ട് എന്നിങ്ങനെ എല്‍ഡി.എഫിന് 10 അംഗങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ മാറിയാല്‍ ഇരുമുന്നണികളുടേയും അംഗബലം തുല്യമാകും. ഇതാണ് ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. വിപ്പ് കൈപ്പറ്റാത്ത അംഗം ഇടതു നേതൃത്വവുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. മുന്‍കാലങ്ങളിലും പായിപ്രയില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

Back to top button
error: Content is protected !!