കര്‍’നാടക’ത്തില്‍ ക്ലൈമാക്‌സ്; മുഖ്യമന്ത്രിയെ ഇന്നറിയാം

കര്‍ണാടക: നാടകീയ നീക്കങ്ങള്‍ക്കും നീണ്ട ആലോചനങ്ങള്‍ക്കും ശേഷം പുതിയ കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കുന്ന വിഷയത്തില്‍ സോണിയാഗാന്ധിയുടെ നിര്‍ണ്ണായക ഇടപെടല്‍ ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തില്‍ സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനുള്ള സാഹചര്യം ഒരുക്കാനാണ് സോണിയാ ഗാന്ധി ഇടപെടുക. രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇന്ന് ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ച നടത്തും. ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവും വിധമുള്ള കൂടിയാലോചനകളായിരിക്കും ഡല്‍ഹിയില്‍ നടക്കുക.

വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ഇക്കാര്യത്തില്‍ സോണിയാഗാന്ധിയുടെ ഉറപ്പോടെ ഡി.കെ.ശിവകുമാര്‍ നിലപാട് മയപ്പെടുത്തും എന്നാണ് മറ്റ് നേതാക്കളുടെ വിശ്വാസം. കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ.ശിവകുമാര്‍ ഇപ്പോഴും മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായിട്ടില്ല. സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടരുകയാണ് ഡി.കെ ശിവകുമാര്‍. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി.കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

Back to top button
error: Content is protected !!