നഗരമധ്യത്തിലെ മാ​ലി​ന്യ​മ​ല പാ​രി​സ്ഥി​തി​ക പ്ര​ശ്നം സൃഷ്ടിക്കുന്നതായി പരാതി

മൂവാറ്റുപുഴ: നഗരമധ്യത്തിലെ മാലിന്യമല പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നതായി ആക്ഷേപം. സക്കീര്‍ ഹുസൈന്‍ നഗര്‍ റോഡിലെ നഗരസഭയുടെ കീഴിലുള്ള അഞ്ച് സെന്റ് സ്ഥലത്തെ മാലിന്യ കൂമ്പാരമാണ് വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുന്നു കൂടുന്നത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന പൊതുശുചിമുറി പൊളിച്ചു നീക്കിയയിടത്താണ് ഇപ്പോള്‍ മാലിന്യം തള്ളുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പ്ലാസ്റ്റിക് കവറുകള്‍ അടക്കമുള്ള മാലിന്യം കുന്നു കൂടിയിരിക്കുകയാണ്. ഭക്ഷ്യ മാലിന്യങ്ങള്‍ക്ക് പുറമെ എല്ലാത്തരം മാലിന്യവും ഇവിടെയാണ് തള്ളുന്നത്. ഈ സ്ഥലത്ത് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല. മാലിന്യം കുന്നുകൂടിയതോടെ മഴ പെയ്യുമ്പോള്‍ ഇവ ഇതിനുസമീപത്തു കൂടി കടന്നുപോകുന്ന കീഴ്ക്കാവില്‍ തോട് വഴി പുഴയിലേക്കാണ് എത്തിച്ചേരുന്നത്. ഓരോ ദിവസവും ഇവിടെ തള്ളുന്ന പ്ലാസ്റ്റിക് കൂടുകളില്‍ പകുതിയും പുഴയിലേക്ക് എത്തുകയാണ്. ഇതിനു പുറമെ ദുര്‍ഗന്ധവും ഈച്ചയും കൊതുകും വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. മാലിന്യം നീക്കം ചെയ്ത് ഇവിടം വൃത്തിയാക്കി നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നഗരസഭാധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമായിരുന്ന ഇവിടെ നിന്നും 2018 ലെ മഹാ പ്രളയത്തിനുശേഷം ഭൂരിപക്ഷം നാട്ടുകാരും മറ്റു സ്ഥലങ്ങളിലേക്ക്താമസം മാറിയിരുന്നു. ഇതിനുശേഷം അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ അധികവും താമസിക്കുന്നത്. നൂറുകണക്കിന് പേരാണ് ഇവിടെ കഴിയുന്നത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസരവാസികള്‍ നഗരസഭ അധികൃതര്‍ക്ക് വീണ്ടും പരാതി നല്‍കി.

Back to top button
error: Content is protected !!