ഭിന്നശേഷിയുള്ള യുവതിയേയും മാതാപിതാക്കളേയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി

മൂവാറ്റുപുഴ : ഭിന്നശേഷിയുള്ള യുവതിയേയും മാതാപിതാക്കളേയും അയല്‍വാസികള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ വാളകം റാക്കാട് പെരുമാലില്‍ കുമാരന്‍ (75), ഭാര്യ ശാരദ (62), മകള്‍ ഭിന്നശേഷിയുള്ള അമ്മു (31) എന്നിവര്‍ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ് ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. അയല്‍വാസി തച്ചിരുപറമ്പില്‍ വിലാസിനി, ഭര്‍ത്താവ് പൊന്നന്‍ ഇവരുടെ മകന്‍ അഖില്‍ (കുഞ്ഞുകുട്ടായി) എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് മൂവാറ്റുപുഴ പോലീസില്‍ മൊഴി നല്‍കിയത്. വിലാസിനി ശാരദയുടെ വീടിന് സമീപമെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കുമാരനുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തതായി പറയുന്നു. ഈ സമയം വിലാസിനി മര്‍ദിച്ചതായി ശാരദ പോലീസിന് മൊഴി നല്‍കി. പിന്നാലെ അഖില്‍ കുമാരന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഹെല്‍മറ്റ് ഉപയോഗിച്ച് കുമാരനേയും ശാരദയേയും കസേരയിലിരുന്ന ഭിന്നശേഷിയുള്ള അമ്മുവിനെയും മര്‍ദിച്ചതായി മൊഴിയില്‍ പറയുന്നു. മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: Content is protected !!