ഇടത്പക്ഷത്തിന് സംഭവിച്ച ദീര്‍ഘവീക്ഷണമില്ലായ്മയാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ അധികാരത്തിലെത്താന്‍ കാരണം: ടി.എ.അഹമ്മദ് കബീര്‍

മൂവാറ്റുപുഴ: കോണ്‍ഗ്രസ്സിന്റെ ജനാധിപത്യ ബോധം തിരിച്ചറിയുന്നതില്‍, ഇടത് പക്ഷത്തിന് സംഭവിച്ച ദീര്‍ഘവീക്ഷണമില്ലായ്മയാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ അധികാരത്തിലെത്താന്‍ കാരണമായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എ.അഹമ്മദ് കബീര്‍ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ മുഖ്യശത്രു ആരാണെന്ന് തീരുമാനിക്കുന്നതിലും ഇടത് പക്ഷം പരാജയപ്പെട്ടു. ആവശ്യമായ അംഗബലമില്ലാതിരുന്നിട്ടും ഏ.കെ.ജിയെ ആദ്യ ലോകസഭയിലെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃവിന്റെ വിശാലമായ ജനാധിപത്യ ബോധത്തെയും ഇടത് പക്ഷം തിരിച്ചറിഞ്ഞില്ല. ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഉത്തരേന്ത്യയിലും കിഴക്ക്-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ ജനാധിപത്യ-മതേതര സഖ്യമായ ഇന്ത്യാ മുന്നണി വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് മോദി സര്‍ക്കാര്‍ ഇഡിയെയും മറ്റും ഇറക്കി അരാജകത്വം സൃഷ്ടിക്കുന്നതെന്നും കബീര്‍ ആരോപിച്ചു.
പായിപ്ര കവയില്‍ നടത്തിയ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ യുഡിവൈഎഫ് ചെയര്‍മാന്‍ ഷബാബ് വലിയ പറമ്പില്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ഷെറിന്‍ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി.കെ.എം.അബ്ദുല്‍ മജീദ്, പി.എ. ബഷീര്‍, സാബു ജോണ്‍ , പായിപ്ര കൃഷ്ണന്‍ , വി.ഇ. നാസ്സര്‍ , കെ.കെ. ഉമ്മര്‍ , ഷാന്‍ പ്ലാക്കുടി, എം.എം. സീതി , ഒ. എം. സുബെര്‍, കെ.എം.അബ്ദുല്‍ കരീം, മാത്യുസ് വര്‍ക്കി, സാലിഹ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!