അഞ്ചര പതിറ്റാണ്ടായി മാലിന്യം പേറുന്ന നഗരത്തിലെ വളക്കുഴി ഡമ്പിംഗ് യാര്‍ഡിന് ശാപമോക്ഷം

മൂവാറ്റുപുഴ: അഞ്ചര പതിറ്റാണ്ടായി നഗരത്തിലെ മാലിന്യം പേറുന്ന വളക്കുഴി ഡമ്പിംഗ് യാര്‍ഡിന് ശാപമോക്ഷമാകുന്നു. വര്‍ഷങ്ങളായി കുന്ന്കൂടി മാലിന്യ മലയായി മാറിയ വളക്കുഴിയില്‍ മൂവാറ്റുപുഴ നഗരസഭ ഏപ്രില്‍ ആദ്യ വാരത്തോടെ ബയോ മൈനിംഗ് ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. കേരള ഖര മലിന്യ പരിപാലന പദ്ധതി പ്രകാരം ബയോ മൈനിംഗിനായി 10.82 കോടി രൂപ അനുവദിച്ചു. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന രാജ്യത്തൊട്ടാകെ ഈ രംഗത്ത് മികച്ച പ്രവര്‍ത്തന റെക്കോഡുളള എസ്.എം.എസ്. ലിമിറ്റഡുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടു. നാലര ഏക്കര്‍ വിസ്തൃതി വരുന്ന വളക്കുഴി ഡമ്പിംഗ് യാര്‍ഡ് 1965 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അമ്പത്തി ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ വന്‍ മാലിന്യ ശേഖരമാണുളളത്. വേനല്‍ ആരംഭിക്കുമ്പോള്‍ ഉണ്ടാകുന്ന അഗ്‌നിബാധ ആഴ്ചകളോളം നീണ്ട് നില്‍ക്കുന്ന സ്ഥിതി ഉണ്ടാകാറുണ്ട്. മാലിന്യം കത്തുന്നതോടെ ഉണ്ടാകുന്ന വിഷ പുക പരിസര വാസികളുടെ ആരോഗ്യത്തെയും ബാധിച്ചിരുന്നു. മഴ ആരംഭിക്കുന്നതോടെ ഈച്ച, കൊതുക് ശല്യം വര്‍ധിക്കുകയും അസഹനീയമായ ദുര്‍ഗന്ധം വമിക്കുകയും ചെയ്യും. വളക്കുഴിക്ക് സമീപത്തായി താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ഇത് ദുരിതം വിതച്ചിരുന്നു. ബയോ മൈനിംഗിലൂടെ പതിറ്റാണ്ടുകളായി നിക്ഷേപിച്ച് വന്ന മാലിന്യം നീക്കം ചെയ്യുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.

ഡമ്പ് സൈറ്റില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ യന്ത്ര സഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് വേര്‍തിരിച്ച് സ്ഥലത്ത് നിന്നും സുരക്ഷിതമായി നീക്കം ചെയ്ത് മലിനമായ ഭൂമിയെ വീണ്ടെടുക്കുന്നതാണ് പ്രക്രിയ. കുഴിച്ചെടുക്കുന്നവയില്‍ ജൈവ മാലിന്യങ്ങള്‍ വിന്‍ഡ്രോ, ലാര്‍വ കമ്പോസ്റ്റിംഗ് വഴി ജൈവ വളമാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഏജന്‍സിക്ക് കൈമാറും. ശേഷിക്കുന്ന മണ്ണ് മാത്രം യാര്‍ഡില്‍ നിക്ഷേപിക്കും. ഈ പ്രക്രിയ പൂര്‍ത്തിയാല്‍ നഗരത്തില്‍ നിന്ന് ശേഖരിച്ച് ഇവിടെ എത്തിക്കുന്ന മാലിന്യം തരം തിരിച്ച് അന്ന് തന്നെ സംസ്‌കരിക്കും. ബയോ മൈനിംഗിന് ശേഷം വളക്കുഴിയില്‍ മാലിന്യ നിക്ഷേപം ഉണ്ടാകില്ല. ആധുനിക സംവിധാനം ഉപയോഗപെടുത്തിയുളള സംസ്‌ക്കരണമാകും നടക്കുക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാര്‍ഗ നിര്‍ദേശപ്രകാരമായിരിക്കും ആധുനിക യന്ത്ര സഹായത്തോടെ ബയോമൈനിംഗ് നടത്തുക. നിലവിലുള്ള മാലിന്യത്തിന്റെ അളവ് ഇതിനകം കണക്കാക്കിയിട്ടുണ്ട്. ഭൂമിക്കു മുകളില്‍ 31995 ക്യുബിക് മീറ്ററും ഭൂമിക്കു താഴെ 55905 ക്യുബിക് മീറ്ററും മാലിന്യമാണ് നിലവില്‍ വളക്കുഴിയില്‍ നിക്ഷേപിച്ചിട്ടുളളത്. ഇത് ഏകദേശം 44589.18 മെട്രിക് ടണ്‍ വരും. മൂന്ന് മുതല്‍ ആറ് മാസം കൊണ്ട് ബയോ മൈനിംഗ് പുര്‍ത്തിയാക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രഹ്‌മപുരം മാതൃകയില്‍ മൈനിങിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കും.

മൈനിംഗ് കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പവര്‍ത്തി സമയത്ത് വിപുലമായ മുന്‍ കരുതലുകള്‍ സ്വീകരിക്കും. പൊടി പടലങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ വെളളം പമ്പ് ചെയ്യും. യാര്‍ഡ് ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് മറയ്ക്കും. ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് ഡി-ഓഡറൈസര്‍ ഉപയോഗിക്കും. ഗതാഗത സൗകര്യങ്ങള്‍ തടസപെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കും. ആവശ്യമായ എല്ലാ സുരക്ഷ സൗകര്യങ്ങളും ഉറപ്പു വരുത്തും.പ്രവര്‍ത്തന കാലയളവില്‍ സമീപവാസികളും ബന്ധപ്പെട്ടവരുമായി കൂടിയാലോചന യോഗങ്ങള്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ പാരിസ്ഥിതിക നിരീക്ഷണവും ഉണ്ടാകും. മൈനിങ് പൂര്‍ത്തിയാകുന്നതോടെ പൈതൃക മാലിന്യങ്ങള്‍ നിക്ഷേപിച്ച 4.5 ഏക്കര്‍ സ്ഥലം പൂര്‍ണമായി വീണ്ടെടുക്കാനാകും. സാമൂഹിക ആരോഗ്യ പാരിസ്ഥിതിക നിലവാരം ഉയര്‍ത്താന്‍ സഹായിക്കും. ഭൂമിയുടെ മൂല്യം ഉയരുന്നതിന് സഹായകരമാവും. പൊതു ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയിലേക്ക് സ്ഥലത്തെ മാറ്റിയെടുക്കാന്‍ സാധിക്കും മലിനീകരണവും ദുര്‍ഗന്ധവും അവസാനിക്കും.സാമൂഹിക പശ്ചാത്തലത്തില്‍ കാതലായ മാറ്റങ്ങള്‍ വരും. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും പൊതുജന പിന്തുണ ഉറപ്പ് വരുത്തുന്നതിനുമായി ഇതിനകം രാഷ്ട്രീയ, സാമൂഹീക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നതായി നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു. സമീപ വാസികളുടെ പിന്തുണ ഉറപ്പ് വരുത്തുന്നതിന് ബുധനാഴ്ച വൈകിട്ട് 3ന് നഗരസഭ 24, 25 വാര്‍ഡുകളിലെ പ്രത്യേക വാര്‍ഡ് സഭ യോഗവും കുര്യന്‍മല കമ്മ്യൂണിറ്റി ഹാളില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!