കൊച്ചിയില്‍ നടക്കുന്ന മെഷിനറി എക്‌സ്‌പോ: മൂവാറ്റുപുഴയുടെ സാന്നിധ്യമറിയിച്ച് എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍

മൂവാറ്റുപുഴ: കൊച്ചിയില്‍ നടക്കുന്ന മെഷിനറി എക്‌സ്‌പോയില്‍ മൂവാറ്റുപുഴയുടെ സാന്നിധ്യമറിയിച്ച് എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍. 24 മണിക്കൂറില്‍ 100 കിലോഗ്രാം മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്ന മെഷീനുമായാണ് അരുണ്‍ചന്ദ്രന്റെയും, അഖില്‍ചന്ദ്രന്റെയും വാളകത്ത് പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എത്തിയത്. ഭക്ഷ്യാവശിഷ്ടങ്ങള്‍ നൂറുശതമാനം മാലിന്യമുക്തമായി സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്ന വേസ്റ്റ് റ്റു ക്ലീന്‍ യന്ത്രം ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് എക്‌സ്‌പോയില്‍ അവതരിപ്പിച്ചത്. മെഷീനിലൂടെ 24 മണിക്കൂറില്‍ 100 കിലോഗ്രാം ജൈവ, ഭക്ഷ്യ അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റാനാകും. നികുതിക്ക് പുറമേ ആറ് ലക്ഷം രൂപയാണ് ഇതിന്റെ വില. മാലിന്യ സംസ്‌കരണം മുഖ്യവിഷയമായി കാണുകയും, ഈ രംഗത്ത് വലിയ ക്യാമ്പയിന്‍ നടത്തുകയും ചെയ്യുന്ന കേരളത്തില്‍ വേസ്റ്റ് റ്റു ക്ലീന്‍ യന്ത്രം ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി.രാജീവ് പറഞ്ഞു. ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സിന്റെ തന്നെ മറ്റൊരു ഉല്‍പ്പന്നമായ ടെലിസ്‌കോപ്പിക് കണ്‍വേയറും എക്‌സ്‌പോയില്‍ ശ്രദ്ധേയ സാന്നിധ്യമായിട്ടുണ്ട്.

20 അടി കണ്ടെയ്നറില്‍ ലോഡിംഗ് നടത്താനും അരിക്കമ്പനികളില്‍ 24 അടിവരെ ഉയരത്തില്‍ അരി, നെല്ല് ചാക്കുകള്‍ എത്തിക്കാനും സഹായകമായ ടെലിസ്‌കോപ്പിക് കണ്‍വേയര്‍. 450 ചാക്ക് വരെ വളരെ എളുപ്പത്തില്‍ ഉയരത്തിലേക്ക് എത്തിക്കാനാകും. മനുഷ്യ അധ്വാനം കഴിയുന്നത്ര കുറയ്ക്കാനും സമയം ലഭിക്കാനും യന്ത്രം സഹായകം. ശേഷിക്കനുസൃതമായ നികുതിക്കുപുറമെ 12 ലക്ഷം മുതലാണ് വില. എഞ്ചിനീയര്‍മാരായ സഹോദരങ്ങള്‍ അരുണ്‍ചന്ദ്രനും അഖില്‍ചന്ദ്രനും പങ്കാളികളായി നടത്തുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ്. ഇരുവരും നേരത്തെ വിദേശത്ത് മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുകയായിരുന്നു. 2016 മുതലാണ് സ്വന്തം സംരംഭത്തിന് തുടക്കമിടുന്നത്. സുഖകരവും ആദായകരവുമായി സംരംഭം നടത്താനാകുന്നുവെന്ന മെച്ചത്തിനു പുറമെ കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനാകുന്നതിന്റെ സംതൃപ്തിയും സഹോദരങ്ങള്‍ക്കുണ്ട്. നാലുവര്‍ഷം മെഷീനറി എക്‌സ്‌പോയില്‍ പങ്കെടുത്തിട്ടുണ്ട്. ഓരോതവണയും ഓരോ പുതിയ യന്ത്രങ്ങള്‍ അവതരിപ്പിച്ചുവെന്നും ഇവര്‍ പറയുന്നു.

Back to top button
error: Content is protected !!