തലയ്ക്കു മീതെ ഉരുളൻ പാറകളും ഭീഷണിയായി മണ്ണിടിച്ചിലും; പ്രാണഭയത്തിൽ മുതുകല്ല് കോളനി നിവാസികൾ

വാഴക്കുളം: ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് ലക്ഷംവീട് കോളനിയിലെ 15-ഓളം കുടുംബങ്ങൾ പ്രാണഭീതിയിൽ. ചെങ്കുത്തായി കിടക്കുന്ന കോളനിക്ക് മുകളിൽ ഭീഷണിയായി നിൽക്കുന്ന നിരവധി ഉരുളൻ പാറക്കൂട്ടങ്ങളും നിരന്തരമായ മണ്ണിടിച്ചിലുമാണ് കോളനി നിവാസികളെ ഭീതിയിലാഴ്ത്തുന്നത്. കോളനിയുടെ മുകൾഭാഗത്തുള്ള സർക്കാർ പുറമ്പോക്ക് കാടുകയറി കിടക്കുകയാണ്. ഇവിടെയാണ് അപകട ഭീഷണി ഉയർത്തുന്ന പാറകൾ സ്ഥിതിചെയ്യുന്നത്. ഈ പാറക്കെട്ടുകൾക്ക് മുകളിലായാണ് ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് 45 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ 2 ജലസംഭരണികളും സ്ഥാപിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ ഓരോ മഴ പെയ്യുമ്പോഴും ആശങ്കയിലാണ് കോളനിവാസികൾ. ഇവിടെ മണ്ണിടിയുകയും പാറകൾ നിലം പതിക്കുകയും ചെയ്താൽ ജലസംഭരണികൾ തകരുമെന്ന് ഉറപ്പാണ്. വൻ ദുരന്തമാകും ഫലം. ഒന്നര വർഷത്തോളം മുൻപ് ഇതേ പഞ്ചായത്തിലെ ആറൂർ ലക്ഷം വീട് കോളനിക്ക് മുകളിലെ മലയിൽ നിന്ന് വൻ പാറക്കല്ലുകൾ ഉരുണ്ടുവീണെങ്കിലും മരങ്ങളിൽ തട്ടി നിന്നത് മൂലം പലനാരിഴയ്ക്ക് അപകടം ഒഴിവാകുകയിരുന്നു. മുതുകല്ല് കോളനിയിൽ അതല്ല അവസ്ഥ. വീടുകൾക്ക് തൊട്ടുമുകളിലാണ് പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്. അന്ന് പാറക്കല്ലുകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു.

ജലസംഭരണികൾക്കും ഭീഷണി ഉയർത്തുന്ന ഉരുളൻ കല്ലുകൾക്കും നേരെ താഴെയാണ് ചാവുഞ്ചിറ പുത്തൻപുരയിൽ ലീല രാജൻ, വാരികുന്നേൽ ഏലിക്കുട്ടി രാമു, മൂശാരിക്കരോട്ട് ലീല കുഞ്ഞപ്പൻ, മുടവുമറ്റത്തിൽ അയ്യപ്പൻ എന്നിവരുടെ വീടുകൾ. നിരവധി പ്രാവശ്യം പാറകൾ പൊട്ടിച്ചു നീക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ നീണ്ടു പോകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വില്ലേജ് ഓഫീസിൽ പരാതി നൽകിയപ്പോൾ പഞ്ചായത്ത് ആണ് നടപടിയെടുക്കേണ്ടത് എന്നായിരുന്നു മറുപടി. കളക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന് അടുത്തകാലത്താണ് പാറകൾ പൊട്ടിച്ചു നീക്കാൻ അനുമതി ലഭിച്ചത് തന്നെ.

കീഴ്‌ക്കാം തൂക്കായ പ്രദേശത്ത് പാറക്കല്ലുകൾക്ക് പുറമേ നിരന്തരമായ മണ്ണിടിച്ചിലും ഭീഷണി ഉയർത്തുന്നുണ്ട്. മിക്കവാറും വീടുകളുടെ മേൽഭാഗത്തുള്ള തിട്ടകൾ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകട ഭീഷണിയിൽ ആയ തരമാരിയിൽ ഷീലയുടെ വീടിന്റെ പിന്നിലുള്ള മണ്ണിടിഞ്ഞ ഭാഗം കെട്ടി സുരക്ഷിതമാക്കി നൽകാമെന്ന് 2019 അധികാരികൾ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ ചെയ്തിട്ടില്ല. കോളനിയുടെ മുകൾഭാഗത്ത് വീടിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. ഇരുൾ മൂടി കാടുപിടിച്ച് കിടന്ന ഈ ഭാഗത്ത് ഒരു വർഷത്തോളം മുൻപ് വാർഡ് അംഗം ലസിത മോഹൻ മുൻകൈയെടുത്ത് മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരുന്നു.

 

 

Back to top button
error: Content is protected !!