ലഹരിമാഫിയക്കെതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് ബിജെപി

മൂവാറ്റുപുഴ: മദ്യത്തിനും മയക്കുമരുന്നിനും ലഹരിമാഫിയക്കും എതിരെ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ച് ഭാരതീയ ജനതപാര്‍ട്ടി. മൂവാറ്റുപുഴ മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ വാളകത്തുനിന്നും മൂവാറ്റുപുഴയിലേക്കാണ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. വാളകം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ. റെജി പന്തത്തില്‍ പ്രതിഷേധാഗ്‌നി ജ്വലിപ്പിച്ച് ജാഥാ ക്യാപ്റ്റന്‍ ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട യുവാവിന്റെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വാളകം സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവമാണ് മാര്‍ച്ചിന് പ്രചോദനമേകിയതെന്നും, ഇത് പ്രതിഷേധത്തിന്റെ തുടക്കം മാത്രമാണെന്നും ജാഥയുടെ സമാപന സമ്മേളനത്തില്‍ അരുണ്‍ പി മോഹന്‍ പറഞ്ഞു. ബി ജെ പി മൂവാറ്റുപുഴ മണ്ഡലം ജനറല്‍ സെക്രട്ടറി ടി. ചന്ദ്രന്‍,മണ്ഡലം ജനറല്‍ സെക്രട്ടറി കെ എം സിനില്‍, വൈസ് പ്രസിഡന്റ് സലിം കറുകപ്പിള്ളി, പി കെ രാജന്‍, ഒബിസി മോര്‍ച്ച ജില്ലാ സമിതി അംഗം വിജുമോന്‍ എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി. വാളകം ജംഗ്ഷനില്‍ നിന്നും ഞായറാഴ്ച 7.30 ന് ആരംഭിച്ച നൈറ്റ് മാര്‍ച്ചിന് മൂവാറ്റുപുഴ ബി ഒ സി ജംഗ്ഷനില്‍സമാപനംകുറിച്ചു.

Back to top button
error: Content is protected !!