ലഹരിക്കെതിരെ നാടുണര്‍ത്തി റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി

കൊച്ചി: ലഹരിക്കെതിരെ നാടുണര്‍ത്തി എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജില്ലയില്‍ നിന്ന് പൂര്‍ണ്ണമായും മയക്കുമരുന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്. ആലുവ ട്രാഫിക്ക് സ്റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച റാലി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് എസ്.പിയുടെ നേതൃത്വത്തില്‍ എ.എസ്.പി മോഹിത് റാവത്ത്, എ.എസ്.പി ട്രയ്‌നി അഞ്ജലി ഭാവന പോലീസുദ്യോഗസ്ഥര്‍, നൂറിലേറെ സൈക്കിളിസ്റ്റുകള്‍ എന്നിവര്‍ അണിനിരന്ന റാലി അത്താണി, കരിയാട്, അങ്കമാലി, നായത്തോട് ചുറ്റി നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ സമാപിച്ചു. ഏഴു വയസുള്ള ആമിര്‍ നവാസ് മുതല്‍ 73 വയസുള്ള ജോയി വരെ റാലിയില്‍ പങ്കാളികളായി. ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ദൂരം ഇവര്‍ നിര്‍ത്താതെ സൈക്കിള്‍ ചവിട്ടി. നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ നടന്ന സമാപന സമ്മേളനത്തില്‍ റൂറല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും, കായിക രംഗത്തും മുന്നേറുവാനും, സാമൂഹ്യ തിന്മകള്‍ക്കെതിരെ പോരടിക്കുവാനും പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്കിളുകള്‍ നല്‍കിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സൈക്കിളിംഗ് ക്ലബ്ബ് കോര്‍ഡിനേറ്ററും, ഇന്റര്‍നാഷണല്‍ താരവുമായ ജിസണ്‍ സ്റ്റീഫന്‍, എസ്.ബി.ഐ മാനേജര്‍ ആര്‍.ശ്രീകേഷ്, സീനിയര്‍ സൈക്കിളിസ്റ്റ് ജോയി, എ.എസ്.പിമാരായ മോഹിത് റാവത്, എ.എസ്.പി ട്രയ്‌നി അഞ്ജലി ഭാവന, ഇന്‍സ്‌പെക്ടര്‍ ബി.കെ അരുണ്‍ , എം.വി. സനില്‍. ടി.ടി ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സൈക്കിള്‍ സഫാരി കാലടി, എയര്‍പോര്‍ട്ട് റൈഡേഴ്‌സ് നെടുമ്പാശേരി, മുസരിസ് സൈക്കളിസ്റ്റ് ക്ലബ്ബ് പറവൂര്‍, ക്യു.ആര്‍ റൈഡേഴ്‌സ് കൊച്ചി, കുമ്പളംഗി റൈഡേഴ്‌സ്, എഫ്.ജി.സി റൈഡേഴ്‌സ്, മൂക്കന്നൂര്‍ സൈക്ലിംഗ് ക്ലബ്ബ്, ആദംസ് സൈക്ലിംഗ് ക്ലബ്ബ് താന്നിപ്പുഴ എന്നിവരാണ് റാലിയില്‍ അണിനിരന്നത്.

 

Back to top button
error: Content is protected !!