ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ആള്‍ പണം അടങ്ങിയ ബാഗ് കവര്‍ന്നു

മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യക്കിറ്റുകള്‍ വാങ്ങാനെന്ന വ്യാജേന വ്യാപാര സ്ഥാപനത്തിലെത്തിയ ആള്‍ പണം അടങ്ങിയ ബാഗ് കവര്‍ന്നു. മേക്കടമ്പ് പള്ളിത്താഴത്ത് പൊങ്ങണത്തില്‍ ജോണിയുടെ പലചരക്ക് കടയില്‍ നിന്നാണ് 60000 രൂപയോളം അടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 11 ഓടെയാണ് മോഷ്ടാവ് പലചരക്കുകടയില്‍ എത്തിയത്. ഗള്‍ഫില്‍ നിന്ന് അവധിയില്‍ വന്നതാണെന്നും തിരിച്ചുപോകുന്നതിന് മുന്‍പ് നിര്‍ധനരായ 5 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷ്യക്കിറ്റുകള്‍ നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതാണെന്നും പറഞ്ഞാണ് ജോണിയുമായി ഇയാള്‍ പരിചയപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥന്റെ അയല്‍ക്കാരനാണെന്നും പറഞ്ഞ് പരിചയപ്പെട്ട പ്രതി സാധനങ്ങളെടുക്കാന്‍ ജോണി കടക്കുള്ളില്‍ കയറി തിരികെ എത്തിയപ്പോഴേക്കും മേശയില്‍ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു. കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് കടയില്‍ എത്തി മോഷണം നടത്തിയതെന്ന് ജോണി പറഞ്ഞു. ജോണി പരാതിപ്പെട്ടതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസും, ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

Back to top button
error: Content is protected !!