നിര്‍മല കോളേജ് എന്‍എസ്എസ് യൂണിറ്റിന് മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ അവാര്‍ഡുകള്‍

മൂവാറ്റുപുഴ : നിര്‍മല കോളേജ് എന്‍എസ്എസ് യൂണിറ്റിന് മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ അവാര്‍ഡുകള്‍. 2022-23 -ല്‍ പ്രവര്‍ത്തന മികവിന് ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസര്‍, ബെസ്റ്റ് വോളണ്ടിയേഴ്‌സ് അവാര്‍ഡുകളാണ് കോളേജ് കരസ്ഥമാക്കിയത്. കോട്ടയം എംജി യൂണിവേഴ്‌സിറ്റി അസംബ്ലി ഹാളില്‍ നടന്ന ചടങ്ങ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ആര്‍. ബിന്ദു അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബെസ്റ്റ് യൂണിറ്റിനുള്ള പുരസ്‌കാരം പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബി. രാജേഷ് കുമാര്‍, ഡോ. സംഗീത നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ റിപ്പബ്ലിക്ദിന പരേഡ് ക്യാമ്പില്‍ നിര്‍മല കോളേജിനെ പ്രതിനിധീകരിച്ച എസ്. ഗൗരി, നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പില്‍ പങ്കെടുത്ത മുഹമ്മദ് അസ്ലാം എന്നിവര്‍ക്ക് മികച്ച വോളണ്ടിയേഴ്‌സിനുള്ള അവാര്‍ഡുകള്‍ ലഭിച്ചു. കോളേജിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സ്‌നേഹവീട് ഭവന നിര്‍മ്മാണ പദ്ധതി, ജലജീവന്‍ പ്രോജക്ട്, സ്വച്ഛഭാരത് ക്ലീനിംഗ്, ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങിയവയും, ദേശീയ പരിപാടികളിലെ സജീവ പങ്കാളിത്തവും അവാര്‍ഡിന് പരിഗണിച്ചു.അവാര്‍ഡ് ജേതാക്കളെ കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ എ.ജെ. ഇമ്മാനുവല്‍, ബര്‍സാര്‍ ഫാ.ഡോ. ജസ്റ്റിന്‍ കണ്ണാടന്‍ എന്നിവര്‍ ആദരിച്ചു.

 

Back to top button
error: Content is protected !!