മഴ ശക്തമായി: മൂവാറ്റുപുഴ നഗരത്തില്‍ റോഡുകളിലെ അപകടക്കുഴിക്കള്‍ക്കുനേരെ മുഖം തിരിച്ച് അധികൃതര്‍

മൂവാറ്റുപുഴ: നഗരത്തില്‍ മഴ ശക്തമായിട്ടും റോഡുകളില്‍ പതിയിരിക്കുന്ന അപകടക്കുഴിക്കള്‍ക്കുനേരെ മുഖം തിരിച്ച് അധികൃതര്‍. മൂവാറ്റുപുഴ നഗരത്തിന്റെ ഹൃദയ ഭാഗമായ പി.ഒ ജംഗ്ഷന്‍ മുതല്‍ വെള്ളൂര്‍ക്കുന്നം വരെ ചെറുതും വലുതുമായ 30ഓളം കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇവയില്‍ മഴ പെയ്ത് വെള്ളം നിറയുന്നത് വലിയ അപകടങ്ങള്‍ക്കിടയാക്കിയോക്കാം. റോഡിലും, കുഴികളിലും ഒരുപോലെ വെള്ളം നിറയുന്നതോട കുഴികള്‍ ശ്രദ്ധയില്‍പെടാതെയും, വ്യാപ്തി അറിയാതെയുമെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെട്ടേക്കാം. എന്നാല്‍ മഴക്കാലം ശക്തമായി വരുന്ന സാഹചര്യത്തിലും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. പൊതുജനങ്ങളുടെ ജീവന് വെല്ലുവിളിയാകുന്ന റോഡിലെ അപകടക്കുഴികള്‍ അടച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള യാതൊരു നടപടിയും ഇതുവരെയും ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പി.ഒ ജംഗ്ഷന്‍, എസ്എന്‍ഡിപി ജംഗ്ഷന്‍, അരമനപ്പടി, കച്ചേരിത്താഴം, വെള്ളൂര്‍ക്കുന്നം തുടങ്ങി നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം അപകടഭീതി ഉയര്‍ത്തിയുള്ള കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവ ശ്രദ്ധയില്‍പെടാതെ എത്തുന്ന വാഹനങ്ങള്‍ കുഴികള്‍ കാണുമ്പോള്‍ വേഗത കുറക്കുന്നതും, മുന്നറിയിപ്പില്ലാതെ നിര്‍ത്തുന്നതും, പിന്നാലെയെത്തുന്ന വാഹനങ്ങള്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാവുന്നതും പതിവ് കാഴ്ചയായി മാറുകയാണ്.

ഇതിനെല്ലാം പുറമേ ദീര്‍ഘനാളുകള്‍ക്ക് മുന്‍പ് ആരംഭിച്ച നഗരവികസ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ തുടരുന്നതും അപകടത്തിനിടയാക്കാം. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡരികിലെടുത്തിരിക്കുന്ന കുഴികളും, ഇതേ തുടര്‍ന്നുണ്ടായിട്ടുള്ള ചെളികളും നിരത്തിലിറങ്ങുന്ന യാത്രക്കാരുടെ സുരക്ഷിത യാത്രക്ക് വെല്ലുവിളിയാണ്. ഇരുചക്ര വാഹനങ്ങളും, ചെറിയ കുട്ടികളുമായും അല്ലാതെയും സഞ്ചരിക്കുന്നവരും, ബസ്സുകളും, ചരക്ക് വാഹനങ്ങളുമുള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് നഗരറോഡിലൂടെ ദിനംപ്രതി കടന്നുപോകുന്നത്. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പുവരുത്തേണ്ടവര്‍ അതിന് തയ്യാറാവാതെ ഒന്നും കണ്ടില്ലെന്ന ഭാവത്തിലിരിക്കുന്നതിലുള്ള പ്രതിഷേധത്തിലാണ് പൊതുജനങ്ങള്‍. നാലുനാള്‍ കഴിഞ്ഞ് സ്‌കൂളുകള്‍ കൂടി തുറക്കുന്നതോടെ കുരുന്നുകളുമായുള്ള സ്‌കൂള്‍ വാഹനങ്ങളും സഞ്ചരിക്കേണ്ടത് ഈ റോഡില്‍കൂടി തന്നെയാണ്. നഗരത്തിന്റെ വികസനവും, പൊതുജനങ്ങളുടെ സേവനവും സുരക്ഷയും ഉത്തരവാധിത്വമായുള്ള ജനപ്രതിനിധികള്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മൂവാറ്റുപുഴ നഗരത്തിലെ റോഡിലെ കുഴികളും, ഗതാഗതക്കുരുക്കും ചര്‍ച്ചചെയ്യപ്പെടാത്ത നാളുകള്‍ വിരളമാണ്. എങ്കിലും പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ ഇനിയും തയ്യാറാവുന്നില്ല. ശക്തമായ പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തിറങ്ങുമ്പോള്‍ മാത്രം രാത്രിയുടെ മറവില്‍ വഴിപാട്കണക്കെയുള്ള താത്കാലിക പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുകമാത്രമാണ് അധികൃതര്‍ ചെയ്യുന്നത്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് അവഗണിച്ച് അനാസ്ഥ തുടരുന്ന എംഎല്‍എയും, നഗരസഭയും, മറ്റ് ജനപ്രതിനിധികളും അനിഷ്ട സംഭവങ്ങളുണ്ടായ ശേഷം പരിഹാര മാര്‍ഗ്ഗം തേടുന്നതാണ് ദീര്‍ഘ നാളുകളായി മൂവാറ്റുപുഴയില്‍ കണ്ടുവരുന്നത്. ഇനിയെങ്കിലും അതിനൊരു മാറ്റം വരണമെന്നും, അപകടങ്ങള്‍ ഒഴിവാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുനരുത്തുന്നതിന് നഗരസഭ തയ്യാറാവണമെന്നുമാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

 

Back to top button
error: Content is protected !!