പോളിംഗ് ശതമാനം ഇടിഞ്ഞതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍

തൊടുപുഴ : കത്തിയാളിയ തെരഞ്ഞെടുപ്പ് മഹാമാമാങ്കത്തില്‍ പോളിംഗ് ശതമാനം ഇടിഞ്ഞതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേതിലും പത്തു ശതമാനത്തിലേറെ ഇടിവ് സംഭവിച്ചെങ്കിലും തങ്ങളെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. ഇത്തവണ 66.55 ശതമാനമാണ് ഇടുക്കിയിലെ പോളിംഗ്. 2019 ല്‍ ഇത് 76.36 ശതമാനമായിരുന്നു. 1250157 പേരില്‍ ആകെ വിധിയെഴുതിയത് 831936 വോട്ടര്‍മാര്‍. ഇതില്‍ 425598 പുരുഷ വോട്ടര്‍മാരും 406332 സ്ത്രീ വോട്ടര്‍മാരും ആറ് ഇതര വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരും ഉള്‍പ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാമണ്ഡലം. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 128189 വോട്ടര്‍മാരും കോതമംഗലത്ത് 120043 ഉം ദേവികുളത്ത് 107427 വോട്ടര്‍മാരും ഉടുമ്പന്‍ചോലയില്‍ 116439 പേരും തൊടുപുഴയില്‍ 125621 പേരും ഇടുക്കിയില്‍ 118366 പേരും പീരുമേട്ടില്‍ 115851 പേരും സമ്മതിദാന അവകാശം വിനിയോഗിച്ചു. ഹൈറേഞ്ചിനെ അപേക്ഷിച്ച് ലോ റേഞ്ചില്‍ പോളിംഗ് ശതമാനം നേരിയ തോതില്‍ ഉയര്‍ന്നു. ഹൈറേഞ്ചിലെ കാര്‍ഷിക, തോട്ടം മേഖലകളിലെ ബൂത്തുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞു.

കാര്‍ഷിക തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന ദേവികുളം, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞത് മൂന്നു മുന്നണികളില്‍ ആര്‍ക്ക് തിരിച്ചടിയായെന്ന് ഫലം വന്നാല്‍ മാത്രം പറയാവുന്ന സ്ഥിതിയാണ്. ഹൈറേഞ്ചിലെ ബൂത്തുകളില്‍ രാവിലെ മെച്ചപ്പെട്ട പോളിംഗ് നടന്നെങ്കിലും ചൂട് വര്‍ധിച്ചതോടെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ എണ്ണം നന്നേ കുറഞ്ഞു. തോട്ടങ്ങളില്‍ അവധിയായിട്ടു കൂടി വോട്ടു രേഖപ്പെടുത്താനെത്തിയവരുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിച്ചത് യൂണിയന്‍ നേതാക്കളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്തവണ ആവേശകരമായ പ്രചാരണം മൂന്നു മുന്നണികളും കാഴ്ച വച്ചിരുന്നു. കൂടാതെ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ ജില്ലാ ഭരണകൂടവും സോഷ്യല്‍മീഡിയ വഴിയും മറ്റും പരസ്യപ്രചാരണവും നടത്തിയിരുന്നു. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തുകളിലെത്തിക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ക്കായില്ല. വോട്ടുശതമാനത്തിലെ കുറവ് തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്. ഇടുക്കി ജില്ലയിലെ 52 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും കോതമംഗലം നിയമസഭാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലെ 11 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നു.

ആദ്യ തെരഞ്ഞെടുപ്പില്‍ സി.എം സ്റ്റീഫന്‍

ഇടുക്കി ലോക്‌സഭാ മണ്ഡലം 1977 ലാണ് രൂപീകൃതമാകുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായിരുന്നു വിജയം. 79357 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ത്ഥി എന്‍.എം ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടത് പക്ഷം തിരിച്ചു പിടിച്ചു. സി.പി.എം നേതാവ് എം.എം ലോറന്‍സ് കേരളാ കോണ്‍ഗ്രസിലെ ടി.എസ് ജോണിനെ 7033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മണ്ഡലം തിരിച്ചു പിടിച്ചത്. 1984ല്‍ പ്രഫ. പി.ജെ കുര്യനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. സി.പി.ഐ നേതാവ് സി.എ കുര്യനെതിരെ 1,30,624 വോട്ടിനായിരുന്നു പി.ജെ കുര്യന്റെ വിജയം. 1989ല്‍ കോണ്‍ഗ്രസിലെ പാലാ കെ.എം മാത്യു വിജയിച്ചു. 91479 വോട്ടിന് സി.പി.എമ്മിലെ എം.സി ജോസഫൈനെയാണ് പാലാ കെ.എം മാത്യു പരാജയപ്പെടുത്തിയത്. 1991ലും പാലാ കെ.എം മാത്യു വിജയിച്ചു. 1996ല്‍ കോണ്‍ഗ്രസിലെ എ.സി ജോസ് വിജയിച്ചു. 30140 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് ജോസ് പരാജയപ്പെടുത്തിയത്. 1998ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സി ചാക്കോ വിജയിച്ചു. ഫ്രാന്‍സിസ് ജോര്‍ജിനെയാണ് പരാജയപ്പെടുത്തിയതെങ്കിലും ഭൂരിപക്ഷം 6350 വോട്ട് മാത്രമായിരുന്നു.

1999ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തകര്‍ത്ത് ഇടത് മുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. കോണ്‍ഗ്രസിലെ പി.ജെ കുര്യനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജാണ് മണ്ഡലം ഇടത് മുന്നണിക്കൊപ്പമാക്കിയത്. 2004ലും വിജയം ഇടത് മുന്നണിക്കൊപ്പമായിരുന്നു. ബെന്നി ബഹന്നാനെ പരാജയപ്പെടുത്തി ഫ്രാന്‍സിസ് ജോര്‍ജ് മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 69384. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ടി തോമസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 74796 വോട്ടുകള്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജിലൂടെ എല്‍ഡിഎഫ് 50400 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം വീണ്ടും തിരിച്ചു പിടിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി. അന്ന് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിനായിരുന്നു ഭൂരിപക്ഷം. 2019 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചു പിടിച്ചു. 171053 വോട്ടുകള്‍ക്കാണ് ഡീന്‍ കുര്യാക്കോസ് ഇടുക്കി തിരിച്ചു പിടിച്ചത്. ഏഴ് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് തരംഗമായിരുന്നു. ഇടുക്കി (20928), തൊടുപുഴ(37023), ഉടുമ്പഞ്ചോല(12494), ദേവികുളം(24093), പീരുമേട് (23380), മൂവാറ്റുപുഴ(32539), കോതമംഗലം(20596) എന്നിങ്ങനെയായിരുന്നു ഡീനിന്റെ ഭൂരിപക്ഷം.

 

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം.
ബ്രായ്ക്കറ്റില്‍ 2019 ലെ വോട്ടിംഗ് ശതമാനം

ഇടുക്കി-66.55 (76.36)
…………………

തൊടുപുഴ-65.56 (75.6)

ഇടുക്കി- 63.46 (74.24)

പീരുമേട്-65.54 (76.68)

ഉടുമ്പഞ്ചോല-68.51 (79.11)

ദേവികുളം-64.45 (70.87)

മൂവാറ്റുപുഴ-68.46 (77.84)

കോതമംഗലം- 70.04 (79.84)

Back to top button
error: Content is protected !!