അങ്കമാലി – എരുമേലി ശബരി റെയില്‍വേ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രിക്കും, മന്ത്രമാര്‍ക്കും നിവേദനം നല്‍കി

മൂവാറ്റുപുഴ: അങ്കമാലി – എരുമേലി ശബരി റെയില്‍വേ സമയബന്ധിതമായി നടപ്പാക്കാനും, വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ .ബാലഗോപാല്‍, വ്യവസായ മന്ത്രി പി.രാജീവ്, റെയില്‍വേ മന്ത്രി വി .അബ്ദുള്‍ റഹമാന്‍, തുറമുഖ വകുപ്പ് മന്ത്രി വി .എന്‍. വാസവന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. 26 വര്‍ഷം മുമ്പ് അനുവദിച്ചതും 8 കിലോമീറ്റര്‍ റെയില്‍ പാതയും, കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും നിര്‍മ്മിച്ച് കഴിഞ്ഞ അങ്കമാലി- എരുമേലി ശബരി റെയില്‍വേയുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും, പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കണമെന്നും, തുറമുഖ കണക്റ്റിവിറ്റിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ശബരി റെയില്‍വേ എരുമേലിയില്‍ നിന്ന് പത്തനംതിട്ട പുനലൂര്‍ നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് സമാന്തര റെയില്‍വേ നിര്‍മ്മിക്കണമെന്നുമാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയോടും, മന്ത്രിമാരോടും ആവശ്യപ്പെട്ടത്. പദ്ധതിയ്ക്കായി കല്ലിട്ട് തിരിച്ച കാലടി മുതല്‍ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന്‍ വരെയുള്ള 70 കിലോമീറ്റര്‍ പ്രദേശത്തെ സ്ഥലം, ഉടമകള്‍ക്ക് വില്‍ക്കാനോ ഈട് വെച്ച് ബാങ്ക് ലോണ്‍ എടുക്കാനോ കഴിയാത്തത് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി.

ശബരിമലയുടെ കവാടം എരുമേലിയാണെന്നും, അങ്കമാലിയില്‍ നിന്ന് എരുമേലി വഴി പമ്പയിലേയ്ക്ക് 145 കിലോമീറ്റര്‍ ദൂരം മാത്രമുള്ളപ്പോള്‍ അങ്കമാലിയില്‍ നിന്ന് ചെങ്ങന്നൂര്‍ വഴി പമ്പയ്ക്ക് 201 കിലോമീറ്റര്‍ ദൂരമുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ചെങ്ങന്നൂരില്‍ നിന്ന് ശബരി റെയില്‍വേ നിര്‍മ്മിച്ചാല്‍ വര്‍ഷത്തില്‍ മൂന്ന് മാസം മാത്രം പ്രവര്‍ത്തിപ്പിക്കാനാവുകയുള്ളുവെന്നും മൂന്നിരട്ടി നിര്‍മ്മാണ ചിലവ് വരുമെന്നും യാതൊരു തുടര്‍ വികസന സാധ്യതകളില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. അങ്കമാലിയില്‍ നിന്ന് എരുമേലി വഴി ശബരി റെയില്‍വേ നിര്‍മ്മിച്ചാല്‍ ഒന്നാം ഘട്ടത്തില്‍ 14 നഗരങ്ങള്‍ക്കും, ഇടുക്കി ജില്ലയ്ക്കും, റബര്‍ തടി സംസ്‌കാരണ-പ്ലൈവുഡ് നിര്‍മ്മാണ വ്യവസായങ്ങള്‍ക്കും, അരി സംസ്‌കരണ വ്യവസായികള്‍ക്കും, പൈനാപ്പിള്‍, ഏലം, കുരുമുളക്, റബര്‍ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്കും, കിഴക്കന്‍ കേരളത്തിലെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്കും, എരുമേലി, ഭരണങ്ങാനം, രാമപുരം, കാലടി, മലയാറ്റൂര്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കും പ്രയോജനം ലഭിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഡിജോ കാപ്പന്‍, ബാബു പോള്‍, ജിജോ പനച്ചിനാനി എന്നിവര്‍ നിവേദനത്തിലൂടെ അറിയിച്ചു. അങ്കമാലി-എരുമേലി റെയില്‍വേയ്ക്കാണ് സംസ്ഥാനം മുന്‍ഗണന നല്‍കുന്നതെന്നും, പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചുള്ള കത്ത് ഈ മാസം തന്നെ റെയില്‍വേയ്ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Back to top button
error: Content is protected !!