എ.ഐ.ക്യാമറ വിജയം; അടുത്തത് പൊതുജനങ്ങള്‍ക്കും ട്രാഫിക് ലംഘനം അറിയിക്കാനുള്ള മൊബൈല്‍ ആപ്പ്

കൊച്ചി: നിരത്തിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിനെ അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പരിഗണനയില്‍. എ.ഐ. ക്യാമറകള്‍ വഴിയുള്ള സ്മാര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം വിജയകരമാണെന്ന് കണ്ടതോടെയാണ് പൊതുജന പങ്കാളിത്തം തേടുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാകും ആപ്പ് തയ്യാറാക്കുക. ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോ, സ്ഥലം, തീയതി, സമയം എന്നിവ സഹിതം പകര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ സാധിക്കുന്ന വിധത്തിലാകും മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങളുടെ ഇടപെടല്‍കൂടി ഉണ്ടാകുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ മൊബൈല്‍ ആപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ ചിത്രമെടുത്ത് പിഴ ചുമത്തുന്നത്. എ.ഐ. ക്യാമറകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് മൊബൈല്‍ ആപ്പിന്റെ സാധ്യത നിര്‍ദേശിച്ചത്. പിഴ ചുമത്തുന്നതിലെ പിഴവുകള്‍ അറിയിക്കാന്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം സജ്ജീകരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ ക്രമീകരണം കേന്ദ്രസര്‍ക്കാരിന്റെ ഇ- ചലാന്‍ വെബ്‌സൈറ്റില്‍ വന്നതോടെ പദ്ധതി അപ്രസക്തമായി. ഈ സാഹചര്യത്തിലാണ് ആപ്പ് ഇടം പിടിച്ചത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നേരത്തെയും മോട്ടോര്‍വാഹന വകുപ്പ് പൊതുജന പങ്കാളിത്തം തേടിയിരുന്നു. വാട്‌സ്ആപ്പിലൂടെ ചിത്രങ്ങള്‍ കൈമാറാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷിച്ച് നടപടി എടുത്തിരുന്നു. എന്നാല്‍ ചിത്രങ്ങളുടെ ആധികാരികത പരിശോധിക്കുന്നതില്‍ ബുദ്ധിമുട്ടുള്ളതിനാല്‍ പദ്ധതി വേണ്ടത്ര ശ്രദ്ധ നേടിയില്ല. ആപ്പിലാകുമ്പോള്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാകും.

ശരാശരി വേഗം ഇനിയും അകലെ
എ.ഐ. ക്യാമറകള്‍ കാണുമ്പോള്‍ വേഗം കുറയ്ക്കുകയും അതിന് ശേഷം പായുകയും ചെയ്യുന്നവരെ പിടികൂടാന്‍ രണ്ട് ക്യാമറകള്‍ക്കിടയിലെ വാഹനങ്ങളുടെ ശരാശരി വേഗം കണക്കാക്കാന്‍ തീരുമാനിച്ചെങ്കിലും ഉടന്‍ നടക്കാനിടയില്ല. ഇതിനുള്ള ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് വന്‍ മുടക്കുമുതല്‍ വേണ്ടിവരും. തുക ആവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പിനെ കെല്‍ട്രോണ്‍ സമീപിച്ചിരുന്നു. പിഴ ചുമത്തുന്നതിലെ കുടിശ്ശിക തീര്‍ത്തിട്ട് മതി പുതിയ പദ്ധതി എന്നുപറഞ്ഞ് മടക്കി. വിവാദം ഭയന്ന് എ.ഐ. ക്യാമറ ഇടപാടില്‍ പുതിയ മുതല്‍മുടക്കിന് മോട്ടോര്‍ വാഹനവകുപ്പ് തയ്യാറല്ല.

 

Back to top button
error: Content is protected !!