നീല വസന്തം തീര്‍ത്ത് പെരുമ്പല്ലൂരില്‍ കായാമ്പൂ വിരിഞ്ഞു

മൂവാറ്റുപുഴ: നീലാഞ്ജനത്തിന്റെ നീല വസന്തം തീര്‍ത്ത് പെരുമ്പല്ലൂരില്‍ കായാമ്പൂ വിരിഞ്ഞു. പെരുമ്പല്ലൂര്‍ ചിറക്കല്‍ ജോഷിയുടെ വീട്ടുമുറ്റത്താണ് അത്യപൂര്‍വമായ കായാമ്പൂ വിരിഞ്ഞിരിക്കുന്നത്. പുരാണങ്ങളിലും കവിതകളിലും പരാമര്‍ശിച്ചു മാത്രം അറിവുള്ള ഈ വര്‍ണ്ണ വിസ്മയം കാണാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഒട്ടേറെ പേരാണ് ഒഴുകിയെത്തുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ് കായാമ്പൂവിന്റെ പൂക്കളുടെയും, മൊട്ടുകളുടെയും സൗന്ദര്യം. ഏപ്രില്‍ മെയ് മാസങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന കായാമ്പൂ രണ്ടാഴ്ചയോളം വിരിഞ്ഞു നില്‍ക്കും. ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഔഷധപ്രധാനമാണ് കായാമ്പൂ ചെടി. എന്നാല്‍ കുന്നുകളുടെ നാശം ഈ ചെടിക്ക് ഭീഷണിയായതോടെയാണ് അത്യപൂര്‍വ്വമായത്. സമുദ്ര നിരപ്പില്‍ നിന്നും 1200 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കായാമ്പൂ ചെടി വളരുന്നത്. ദക്ഷിണേന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലുമാണ് ഇപ്പോള്‍ ചെടി കണ്ടു വരുന്നത്. മൂവാറ്റുപുഴയില്‍ സ്റ്റുഡിയോ നടത്തുന്ന ജോഷിയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവന്നു നട്ടതാണ് ഇവിടെ. വൈദ്യന്റെ നിര്‍ദ്ദേശപ്രകാരം കണ്ണിലൊഴിക്കുന്ന മരുന്നു ഉണ്ടാക്കുന്നതിനായാണ് കായാമ്പൂ നട്ടതെന്നും ജോഷി പറഞ്ഞു. രണ്ടാമത് വര്‍ഷമാണ് പെരുമ്പല്ലൂരില്‍ കായാമ്പൂ വിരിയുന്നത്. കഴിഞ്ഞവര്‍ഷം വിടര്‍ന്ന പുഷ്പങ്ങള്‍ക്ക് ഈ വര്‍ഷത്തേക്കാള്‍ വലുപ്പം കൂടുതലായിരുന്നു. ഒരിക്കല്‍ പൂവിട്ടതോടെ ചെടിയുടെ പരിചരണം ജോഷിയുടെ ഭാര്യ ഷൈനിയും മക്കളും ഏറ്റെടുത്തിരിക്കുകയാണ്.

 

Back to top button
error: Content is protected !!