നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയില്‍. ട്രിച്ചി ലാല്‍ഗുഡി മനയ്ക്കല്‍ അണ്ണാനഗര്‍ കോളനിയില്‍ ധര്‍മ്മരാജ് (29) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തിയതി പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്ത് നിന്ന് ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ മോഷണം ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രാത്രി വട്ടയ്ക്കാട്ടുപടിയില്‍ പുതിയ മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടികൂടുന്നതിനിടയില്‍ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കിലോമീറ്ററോളം പിന്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ധര്‍മ്മരാജിനെ ചോദ്യം ചെയ്തതില്‍ മൂവാറ്റുപുഴ ഭാഗത്തുനിന്നും, വെങ്ങോലയില്‍ നിന്നും ഒരോ ബൈക്കുകള്‍ മോഷ്ടിച്ചതായി പോലീസിനോട് സമ്മതിച്ചു. ഏപ്രില്‍ രണ്ടാം തിയതിയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 300 പവന്‍ മോഷ്ടിച്ച കേസില്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നാണ് പ്രതി പുറത്തിറങ്ങിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 40 ഓളം മോഷണക്കേസിലെ പ്രതിയാണ്. ഇയാളുടെ പക്കല്‍ നിന്നും വിദേശനിര്‍മ്മിത മദ്യവും വാച്ചും പോലീസ് കണ്ടെടുത്തു. ഇത് എവിടെ നിന്ന് മോഷണം പോയതാണെന്ന് പോലീസ് അന്വേഷിച്ചു വരുന്നു. എ.എസ്.പി മോഹിത് രാവത്ത്, ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ടോണി ജെ മറ്റം, എന്‍.പി ശശി, എ.എസ്.ഐ.പി.എ അബ്ദുല്‍ മനാഫ്, സീനിയര്‍ സി.പി.ഒ മാരായ പി.എസ് സലിം, ടി.എന്‍ മനോജ് കുമാര്‍ ,ടി.എ അഫ്‌സല്‍, സി.പി.ഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!