വെള്ളൂര്‍കുന്നത്ത് യുവാവിനെ കല്ല്‌കൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം: രണ്ടാം പ്രതിയും പിടിയില്‍

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നത്ത് യുവാവിനെ കല്ല്‌കൊണ്ട് ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പിടിയില്‍. കാവുംകര ഉറവക്കുഴി പുത്തന്‍പുരയില്‍ രവി കുട്ടപ്പനെ (54)യാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളൂര്‍കുന്നം രാജ്‌റിവേര ബാറിന് സമീപം കടാതി സ്വദേശിയായ യുവാവിനെ കല്ല്‌കൊണ്ട് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് പ്രതി പിടിയിലായത്. മൂവാറ്റുപുഴയിലും പരിസരപ്രദേശത്തും മുന്‍പ് ലോട്ടറി വില്പന നടത്തി വന്നിരുന്ന പ്രതി സംഭവശേഷം പെരുമ്പാവൂരില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവസമയം പ്രതികള്‍ മദ്യലഹരിയില്‍ മര്‍ദ്ദനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മൂവാറ്റുപുഴ പോലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഒന്നാം പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വെള്ളൂര്‍കുന്നത്ത് വിനായക ജ്വല്ലറിക്കു സമീപം ലോട്ടറി വില്പന സ്റ്റാള്‍ നടത്തിപ്പുകാരനായ അനൂപ് ആണ് കേസിലെ ഒന്നാം പ്രതി. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു. എസ്‌ഐ രാജേഷ് കെ.കെ, എഎസ്‌ഐമാരായ രാജേഷ് സി.എം, ജയകുമാര്‍ പി.സി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബില്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനക്കു ശേഷം കോടതിയില്‍ഹാജരാക്കും.

 

 

Back to top button
error: Content is protected !!