സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി

പുത്തന്‍കുരിശ്: ഒരു നൂറ്റാണ്ടില്‍ ഏറെയായി നിലനില്‍ക്കുന്ന സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി. സഭാ തര്‍ക്കം കോടതി വിധികളിലൂടെ പരിഹാരം കണ്ടെത്തുക സാദ്ധ്യമല്ല എന്ന് പുറകോട്ടുള്ള ചരിത്രത്തില്‍ വ്യക്തമാണ്. വിശ്വാസപരമായ അന്തരം ഇരു സഭകളും തമ്മിലുള്ള യോജിപ്പിന് സാദ്ധ്യതകള്‍ ഇല്ലാതാക്കുന്നു. ഇരു സഭകളും വളരെ വ്യക്തമായി തന്നെ രണ്ട് സംവിധാനങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുകയാണ്. ഭരണക്രമീകരണങ്ങളും ആരാധനാ സംവിധാനങ്ങളുമെല്ലാം തികച്ചും ഭിന്നമായ രണ്ടു സഭകളായി തുടരുമ്പോള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിലൂടെ സമൂഹത്തിന് നല്ല ക്രിസ്തീയത സാക്ഷ്യം നല്‍കുവാന്‍ സാധിക്കണം. ഒരു നൂറ്റാണ്ടിന് മുകളിലായി സാക്ഷ്യംവഹിച്ച സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കേരളീയ പൊതു സമൂഹം ആഗ്രഹിക്കുന്നു എന്നതാണ് സത്യം. ആ വഴിയിലൂടെയാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍ നീങ്ങുന്നത്. ഇതര ക്രിസ്ത്യന്‍ സഭകളുടെയും ആത്മാര്‍ത്ഥമായ പിന്തുണ ഇതിനുണ്ട്. സമഗ്രമായ ഒരു നിയമ നിര്‍മ്മാണത്തിലൂടെ സഭാ തര്‍ക്കത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകുന്നതിന് എല്ലാ പിന്തുണയും യാക്കോബായ സഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മലങ്കര മെത്രാപ്പോലീത്ത അറിയിച്ചു.

 

Back to top button
error: Content is protected !!