ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: ഏഴരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ഒഡീഷ സ്വദേശി വിദ്യാധര്‍ ബഹ്‌റ (30) നെയാണ് റൂറല്‍ ഡാന്‍സാഫ് സംഘവും, കുറുപ്പംപടി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെരുമ്പാവൂര്‍ ഇരിങ്ങോളിന് സമീപത്ത് നിന്ന് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയില്‍ ബാഗില്‍ എട്ട് പ്രത്യേക പൊതികളില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയില്‍ നിന്ന് ട്രയിന്‍ മാര്‍ഗമാണ് പ്രതി കഞ്ചാവ് ആലുവയിലെത്തിച്ചത്. ഇവിടെ അതിഥി തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യം. പിടികൂടിയ കഞ്ചാവിന് രണ്ട് ലക്ഷത്തോളം രൂപ വിലവരും. വട്ടയ്ക്കാട്ടുപടിയിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് ഇയാള്‍. പ്രതി ഇതിന് മുന്‍പും കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഞ്ചാവ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്‌പെക്ടര്‍ ഹണി.കെ.ദാസ്, എസ്.ഐമാരായ എം.ആര്‍.ശ്രീകുമാര്‍, ടി.പി.അബ്ദുള്‍ ജലീല്‍ സീനിയര്‍ സി.പി.ഒ മാരായ എം.ബി.സുബൈര്‍, അനില്‍കുമാര്‍, സി.പി.ഒ സഞ്ജു ജോസ് തുടങ്ങിയവരാണ്അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!