വാളകത്ത് മര്‍ദ്ദനത്തിനിരയായെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു

മൂവാറ്റുപുഴ: മര്‍ദ്ദനത്തിനിരയായെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. അശോക് ദാസിന്റെ മരണത്തില്‍ മൂവാറ്റുപുഴ പോലീസ് അസ്വഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചു. ദേഹത്ത് രക്തകറയുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിക്കാനായി തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടിച്ചുനിര്‍ത്തി കെട്ടിയിടുകയായിരുന്നു വെന്നും എന്നാല്‍ പിന്നീട് ഇയാള്‍ മര്‍ദ്ദത്തിനിരയായെന്നും പറയപ്പെടുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്യസംസ്ഥാന തൊഴിലാളിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് വിഗതക്ത ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍ മരിച്ച അശോക് ദാസ് മര്‍ദ്ദനത്തിന് ഇരയായോയെന്ന് പോലീസ് അന്വേഷിച്ചുവരുകയാണ്. സംഭവത്തില്‍ പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. വാളകത്തെ ഹോട്ടലില്‍ ജോലി ചെയ്തു വരുകായായിരുന്നു മരിച്ച അശോക് ദാസ്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയനുശേഷമേ മരണകാരണം വ്യക്തമാകുയെന്ന് പോലീസ് പറഞ്ഞു.

 

Back to top button
error: Content is protected !!