വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ പദ്ധതി: മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആവോലി: പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടത്തുന്ന വയോജനങ്ങള്‍ക്ക് സഹായഉപകരണങ്ങള്‍ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 4 ലക്ഷം രൂപ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി ഹിയറിങ് എയ്ഡ്, വാക്കര്‍, വീല്‍ചെയര്‍, വാക്കിംഗ് സ്റ്റിക്ക്, തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്. ആവോലി പഞ്ചായത്തിന് സമീപം ജെ.ജെ ഓഡിറ്റോറിയത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിന് ഡോക്ടര്‍ ദീപ്തി നേതൃത്വം നല്കി. ആവോലി പഞ്ചായത്ത് മെമ്പര്‍മാര്‍,ആശാവര്‍ക്കര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആവോലി കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.