പിണറായി ഭരണകാലത്ത് കേരളത്തിൽ 17 കസ്റ്റഡി മരണങ്ങൾ, 22 പൊലീസുകാർക്ക് സസ്പെൻഷൻ; മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: തന്റെ ഭരണകാലത്ത് കേരളത്തിൽ ആകെ 17 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഈ സംഭവങ്ങളിൽ 22 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. ആഭ്യന്തര വകുപ്പ് വൻ പരാജയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് കസ്റ്റഡി മരണം നിയമസഭയിൽ ചോദ്യമായി എത്തിയത്

തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് 2016 മെയ് മുതൽ നാളിതുവരെയുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. ഈ കാലയളവിൽ ആകെ 17 പേർ മരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 11 പേരും തുടർഭരണത്തിൽ ഇതുവരെ ആറ് പേരുമെന്നാണ് കസ്റ്റഡി മരണ കണക്ക്. പതിനേഴ് പേരിൽ 16 പേർ പൊലീസ് കസ്റ്റഡിയിലിരിക്കെയും ഒരാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെയുമാണ് മരിച്ചത്. കസ്റ്റഡി മരണത്തിൽ ഏറ്റവും അവസാനത്തേതാണ് മലപ്പുറം താനൂരിൽ താമിർ ജിഫ്രിയെന്ന ചെറുപ്പക്കാരന്റെതാണ്.

കസ്റ്റഡി മരണങ്ങളിലെ സർക്കാർ നിയമ നടപടി സംബന്ധിച്ച് മഞ്ഞളാംകുഴി അലി എംഎൽഎയുടെ ചോദ്യത്തിനാണ് ആകെ 40 ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. 22 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ഇതിൽ 13 ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു. പൊലീസ് വീഴ്ചയും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് ഗൂഢ സംഘത്തിന്റെ കയ്യിലാണെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ആഞ്ഞടിച്ചിരുന്നു. ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഉപജാപക സംഘമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം പ്രത്യേക മനോനില കാരണമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Back to top button
error: Content is protected !!