സ്‌കൂള്‍ കാന്റീനുകളിലും,പരിസരത്തും ജങ്ക് ഫുഡിന് കർശന നിരോധനം

Muvattupuzhanews.in

മുവാറ്റുപുഴ:സ്കൂൾ കാന്റീനുകളിലും, പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. ഡിസംബർ ഒന്ന് മുതലാണ് നിരോധനം. സ്കൂൾ വിദ്യാർഥികളിലെ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ നിയന്ത്രിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് റെഗുലേഷൻസ്-2019 പ്രകാരമാണ് ഉത്തരവ്.

സ്കൂൾ ക്യമ്പസിന്റെ നിന്ന് 50 മീറ്റർ പരിധിക്കുള്ളിൽ ജങ്ക് ഫുഡ് വിൽപന നടത്തരുത്. കായികമേളകളിലും ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ പരസ്യം ചെയ്യാനോ സാമ്പിളുകൾ നൽകാനോ പാടില്ല. കൂടിയ അളവിൽ കൊഴുപ്പ്, മധുരം, ഉപ്പ് എന്നിവ അടങ്ങിയിരിക്കുന്ന പാക്കറ്റിലടച്ച ഭക്ഷണസാധനങ്ങൾ (ജങ്ക് ഫുഡ്സ്) സ്കൂൾ കാന്റീനിലോ സ്കൂൾ കാമ്പസിന് 50 മീറ്റർ ചുറ്റളവിലോ ഹോസ്റ്റൽ, സ്കൂൾ മെസ്സ് എന്നിവിടങ്ങളിലോ വിൽപന നടത്താനോ വിതരണം ചെയ്യാനോ പാടില്ലെന്നും പുതിയ മാർഗനിർദേശങ്ങൾ വ്യക്തമാക്കുന്നു.

പോഷകഗുണം കുറഞ്ഞ ഭക്ഷണസാധനങ്ങൾ സാമ്പിൾ ആയി നൽകുന്നതും വിലക്കി. ജങ്ക് ഫുഡിൻറെ വിൽപന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളോ, ബാനറുകളോ, ലോഗോകളോ സ്കൂൾ കാന്റീനുകളിലോ സ്കൂൾ കമ്പ്യൂട്ടറുകളിലോ പ്രചരിപ്പിക്കാനും പാടില്ല.

എന്താണ് ജങ്ക് ഫുഡുകൾ

പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടിയതുമായി ഭക്ഷണപദാർഥങ്ങളെയാണ് പൊതുവേ ജങ്ക് ഫുഡുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഫ്രഞ്ച് ഫ്രൈസ്, വറുത്ത ചിപ്സ്, സമോസ, ഗുലാബ് ജാമുൻ, മധുരമുള്ള കാർബണേറ്റഡ്/ നോൺ കാർബണേറ്റഡ് ശീതളപാനീയങ്ങൾ,റെഡി ടു ഈറ്റ് ഫുഡ്സ്, നൂഡിൽസ്, പിസ, ബർഗർ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. അമിതഭാരം, പൊണ്ണത്തടി, രോഗങ്ങൾ ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കു വരെ ജങ്ക് ഫുഡുകൾ വഴിതെളിക്കുന്നുണ്ട്.

Leave a Reply

Back to top button
error: Content is protected !!