സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് വാഴക്കുളത്ത് തുടക്കമായി

muvattupuzhanews.in

മൂവാറ്റുപുഴ : എണ്ണായിരത്തോളം കലാ പ്രതിഭകൾ അണിനിരക്കുന്ന സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിന് വാഴക്കുളം കാർമ്മൽ സി.എം.ഐ പബ്ലിക് സ്‌കൂളിൽ തുടക്കമായി. ഉത്ഘാടന സമ്മേളനം നുവാൽസ് വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു. കലാ, കായിക മികവുകൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ മനുഷ്യരാശിയുടെ ഉന്നമനത്തിന് അനിവാര്യമാണെന്നും,കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അത് സംസ്‌കാരത്തെ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കലോത്സവ മേളയുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ് കെ ജയൻ നിർവഹിച്ചു. കലയ്ക്ക് ഒരു മതവും സിലബസും മാത്രമേ ഉള്ളുവെന്നും അത് ദൈവികമാണെന്നുമായിരുന്നു മനോജ് കെ ജയന്റെ പ്രിതികരണം .

കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിച്ചു.വ്യക്തിത്വ വികാസമാണ് ഇത്തരം മേളകൾ ലക്ഷ്യമിടുന്നതെന്നും കേവലം മത്സര വേദികളല്ല, ഉത്സവ വേദികളാകണം ഇത്തരം കലോത്സവമെന്ന് അദ്ദേഹം പറഞ്ഞു. കാർമ്മൽ സി.എം.ഐ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, മാനേജർ ഫാ. ജോർജ്ജ് തടത്തിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ. ജോർജ്ജ്, പൈനാപ്പിൾ മെർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മാനേജ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.

കേരളത്തിലെ 1400 സി.ബി.എസ്.ഇ. സ്‌കൂളുകളിൽ നിന്നായി എണ്ണായിരത്തോളം മത്സരാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 21 സ്റ്റേജുകളിലായി അഞ്ച് കാറ്റഗറികളിലായി 144 ഇനം മത്സരങ്ങളാണ് നടത്തുന്നത്. 21 സ്റ്റേജുകളിലായി 144 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. കാർമൽ പബ്ലിക് സ്‌കൂളിന് പുറമെ ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചാവറ ഇന്റർനാഷണൽ അക്കാദമി എന്നിവിടങ്ങളിലാണ് മത്സര വേദികൾ ക്രമീകരിച്ചിരിക്കുന്നത്

Leave a Reply

Back to top button
error: Content is protected !!