വ്യാജ ഹെല്‍മറ്റുകളുടെ വഴിയോരക്കച്ചവടം സുലഭം.

വാഴക്കുളം: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ വ്യാജ ഹെല്‍മറ്റുകളുടെ വഴിയോരക്കച്ചവടം സുലഭം. പ്രധാനപ്പെട്ട പാതയോരങ്ങളില്‍ ഹെല്‍മറ്റ് കച്ചവടക്കാര്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറിജിനല്‍ ഐ എസ് ഐ മുദ്രയും ഗുണനിലവാരവുമുള്ള ഹെല്‍മറ്റുകള്‍ക്ക് ആയിരം രൂപയോളം ആകുമ്പോൾ അഞ്ഞൂറ് രൂപയില്‍ താഴെ മാത്രം വിലയുള്ള ഹെല്‍മറ്റുകളാണ് വഴിയോരങ്ങളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.ഈ മാസം ഒന്നാം തിയതി മുതലാണ് ഇരുചക്ര വാഹത്തിന്റെ പിന്‍സീറ്റ് യാത്രക്കാർക്കും ഹെല്‍മറ്റ് നിര്‍ബന്ധമായത്.ആവശ്യക്കാര്‍ കൂടിയതനുസരിച്ചു വില ഉയർന്നതോടെയാണ് വഴിയോരക്കച്ചവടക്കാരില്നിന്നു ഹെല്‍മറ്റ് വാങ്ങാന്‍ ജനങ്ങൾ താത്പര്യം കാട്ടുന്നത്. വിലപേശി വാങ്ങാന്‍ കഴിയുമെന്നതും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ മാത്രമേ വില്‍ക്കാവൂ എന്നു നിബന്ധനയുള്ളതിനാല്‍ വ്യാജ ഐഎസ്ഐ സ്റ്റിക്കര്‍ പതിച്ചാണു വഴിയോരക്കച്ചവടക്കാരുടെ വില്പന.ഇത്തരം വ്യാജ ഹെല്‍മറ്റുകള്‍ യാതൊരു സുരക്ഷയും നല്‍കില്ലെന്നു വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും വ്യക്തതയുണ്ടെങ്കിലും വില്പന പൊടിപൊടിക്കുന്നു. പോലീസ് പരിശോധനയില്‍നിന്നും പിഴയൊടുക്കലില്നിന്നും രക്ഷപ്പെടാന്‍ മാത്രമായാണു പലരും ഇന്ന് ഹെല്‍മറ്റ് വാങ്ങുന്നതെന്നതാണു വാസ്തവം. ബൈക്ക് അപകടങ്ങളില്‍ ഉണ്ടാകുന്ന പരിക്കുകള്‍ ഗുരുതരമാണെന്നും ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ ധരിച്ചാല്‍ മാത്രമെ സുരക്ഷ ലഭിക്കൂവെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുചക്രവാഹന യാത്രക്കാര്‍ അവഗണിക്കുന്നു.