വിവാദങ്ങള്‍ക്ക് വിടചൊല്ലി സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയ്ക്ക് സമീപം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും

മൂവാറ്റുപുഴ: വിവാദങ്ങള്‍ക്ക് വിടചൊല്ലി സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയ്ക്ക് സമീപം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. മൂവാറ്റുപുഴയിലെ സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോര്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിനും കെട്ടിടത്തിന്റെ വാടക അംഗീകരിച്ച് കൊണ്ടും സപ്ലൈകോ മെഡിസിന്‍ വിഭാഗം മനേജര്‍ ഉത്തരവ് ഇറക്കിയതോടെയാണ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനുള്ള കളമൊരുങ്ങിയത്. മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോയുടെ മെഡിക്കല്‍ സ്റ്റോര്‍ കെട്ടിട ഉടമയുമായിട്ടുള്ള വാടക തര്‍ക്കത്തെ തുടര്‍ന്ന് കോടതി ഉത്തരവിലൂടെ സ്റ്റോര്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതോടെയാണ് മെഡിക്കല്‍ സ്റ്റോറിന് പുതിയ കെട്ടിടം കണ്ടത്തേണ്ട അവസ്ഥയിലായിരുന്നു. സപ്ലൈകോ നിര്‍ദ്ദേശിക്കുന്ന വാടകയ്ക്ക് നഗര ഹൃദയഭാഗത്ത് കെട്ടിടം ലഭിക്കാതെ വന്നതോടെ മെഡിക്കല്‍ സ്‌റ്റോറിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയായിരുന്നു. മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും, വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രി പി.തിലോത്തമനോടും, സപ്ലൈകോ എം.ഡി.യോടും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് എം.എല്‍.എ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയ്ക്ക് സമീപം മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടം ലഭിച്ചത്. ഇതോടെ നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമേകുന്ന സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോര്‍ മൂവാറ്റുപുഴയില്‍ തന്നെ നിലനിര്‍ത്താനായത്.  മൂവാറ്റുപുഴ ആരക്കുഴ ജംഗ്ഷനില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് വരുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍ വാടക വര്‍ദ്ധിപ്പിക്കണമെന്ന് കെട്ടിട ഉടമ ആവശ്യപ്പെടുകയായിരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മെഡിക്കല്‍ സ്റ്റോറിന് വാടക കൂട്ടി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കെട്ടിട ഉടമ കോടതിയെ സമീപിക്കുകയായിരുന്നു.  കോടതി കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ടതോടെ പകരം മുറി കണ്ടെത്താന്‍ കഴിയാതായതോടെയാണ് മെഡിക്കല്‍ സ്റ്റോറിന് പൂട്ട് വീഴുമെന്ന അവസ്ഥയായത്. സപ്ലൈകോയുടെ നേതൃത്വത്തില്‍ നഗര ഹൃദയഭാഗത്ത് മുറികള്‍ അന്വോഷിച്ചങ്കിലും സപ്ലൈകോ നിര്‍ദ്ദേശിക്കുന്ന വാടകയ്ക്ക് മുറി കിട്ടാത്ത അവസ്ഥയായിരുന്നു. ആരക്കുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന മെഡിക്കല്‍ സ്റ്റോറിന് മൂന്നര ലക്ഷം രൂപയാണ് ഒരു ദിവസത്തെ വില്‍പ്പന ടാര്‍ജറ്റ് എന്നാല്‍ ഇവിടെ ഒന്നര ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നിരുന്നത്. മൂന്ന് ജീവനക്കാരുടെ ശമ്പളവും നല്‍കണം. നഷ്ടത്തിലായ മെഡിക്കല്‍ സ്റ്റോര്‍ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന് സപ്ലൈകോയും കൈ ഒഴിഞ്ഞതോടെയാണ് മെഡിക്കല്‍ സ്റ്റോര്‍ മൂവാറ്റുപുഴയ്ക്ക് നഷ്ടമാകുമെന്ന അവസ്ഥയെത്തിയതോടെയാണ് വിഷയത്തില്‍ എം.എല്‍.എയുടെ ഇടപെടലുണ്ടായതിനെ തുടര്‍ന്ന് മുറികള്‍ കണ്ടെത്തുകയായിരുന്നു. ജനറല്‍ ആശുപത്രിയ്ക്ക് സമീപത്തേയ്ക്ക് മെഡിക്കല്‍ സ്‌റ്റോര്‍ മാറ്റിയതോടെ ലാഭത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്ന പ്രതിക്ഷയിലാണ് അധികൃതര്‍

Leave a Reply

Back to top button
error: Content is protected !!