മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഏഴിന് തുടക്കമാകും…

Muvattupuzhanews.in

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഈമാസം ഏഴ്, 11, 12, 13 ദിവസങ്ങളില്‍ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ടൗണ്‍ യു.പി,സ്‌കൂളിലുമായി നടക്കും. ഉപജില്ലയിലെ 56 സ്‌കൂളുകളില്‍ നിന്നായി 1800-ല്‍ പരം  കലാകാരന്‍മാര്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കും. ഏഴിന് രാവിലെ ഒമ്പത് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് എസ്.എന്‍.ഡി.പി.സ്‌കൂള്‍ മാനേജര്‍ വി.കെ.നാരായണന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് എസ്.എന്‍.ഡി.പി.സ്‌കൂളിലെ വേദി എട്ടില്‍ പെന്‍സില്‍, ജലച്ചായം, എണ്ണച്ചായം ചിത്രരചന മത്സരങ്ങള്‍, വേദി ഒമ്പതില്‍  മലയാളം കഥാരചന, കവിത രചന ഉപന്യാസ മത്സരങ്ങള്‍, വേദി പത്തില്‍ ഹിന്ദി, ഇംഗ്ലീഷ്, കഥാരചന, ഉപന്യാസ രചന എന്നിവ നടക്കും. വേദി രണ്ടില്‍ കഥാ കഥനം, പദ്യം ചൊല്ലല്‍ എന്നിവയും, വേദി 11 ല്‍ സംസ്‌കൃത സാഹിത്യോത്സവവും, വേദി 12 ല്‍ അറബി സാഹിത്യോത്സവവും, വേദി 13 ല്‍ ഉറുദു സാഹിത്യോത്സവവും നടക്കും. 11 തിങ്കളാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിക്കും. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍.വിജയ സ്വാഗതം പറയും. തുടര്‍ന്ന് വേദി ഒന്നില്‍ ഭരതനാട്യം, മോഹിനിയാട്ടം നടക്കും. വേദി രണ്ടില്‍ മാര്‍ഗ്ഗംകളി, പരിജമുട്ട്, പൂരക്കളി, അറബനമുട്ട്, കോല്‍ക്കളി, ദഫ്മുട്ട്, വട്ടപ്പാട്ട് നടക്കും. വേദി മൂന്നില്‍ മലയാളം, കന്നട പ്രസംഗവും, അക്ഷരശ്ലോകവും, കാവ്യകേളിയും നടക്കും. വേദി നാലില്‍ മാപ്പിളപ്പാട്ടും, വേദി അഞ്ചില്‍ ലളിതഗാനവും, വേദി ആറില്‍ അഭിനയഗാനം, പദ്യം ചൊല്ലല്‍, ഇംഗ്ലീഷ് പ്രസംഗം, വേദി 14 ല്‍ ബാന്റ് മേളം മത്സരവും നടക്കും. ടൗണ്‍ യു.പി.സ്‌കൂളിലെ വേദി ഏഴില്‍ സംസ്‌കൃതോത്സവം നടക്കും. 12 ചൊവ്വാഴ്ച വേദി ഒന്നില്‍ വഞ്ചിപ്പാട്ട്, കേരള നടനം, കുച്ചിപ്പുടി, തിരുവാതിര എന്നിവയും, വേദി രണ്ടില്‍ ചവിട്ട് നാടകം, നാടോടി നൃത്തം, സംഘനൃത്തവും, വേദി മൂന്നില്‍ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, നാടന്‍ പാട്ടും, വേദി നാലില്‍ മലയാളം പദ്യം ചൊല്ലലും നടക്കും. വേദി അഞ്ചില്‍ സംഘഗാനവും, വേദി ആറില്‍ ഹിന്ദി, കന്നട, തമിഴ് പദ്യം ചൊല്ലലും നടക്കും. ടൗണ്‍ യു.പി.സ്‌കൂളിലെ വേദി ഏഴില്‍ അറബി കലോത്സവം നടക്കും. 13 ബുധനാഴ്ച വേദി ഒന്നില്‍ മോണോആക്ട്, മിമിക്രി, മൂകാഭിനയം, ഇംഗ്ലീഷ് സ്‌കിറ്റ്, ഒപ്പനയും, വേദി രണ്ടില്‍ കഥാപ്രസംഗം, നാടകവും, വേദി മൂന്നില്‍ ദേശഭക്തിഗാനവും നടക്കും. വേദി നാലില്‍ അഭിനയഗാനം, ഓട്ടന്‍ തുള്ളല്‍, കഥകളിയും, വേദി അഞ്ചില്‍ വയലിന്‍, ഗിറ്റാര്‍, വീണ, ട്രിപ്പിള്‍ ജാസ്, തബല, മൃദംഗം, ഓടക്കുഴല്‍, നാദസ്വരം, വൃന്ദവാദ്യം, മദ്ദളം, ചെണ്ട മേളം, പഞ്ചവാദ്യം എന്നിവ നടക്കും. വേദി ആറില്‍ മാതൃഭാഷ മലയാളം എന്ന വിഷയത്തില്‍ എല്‍.പി.വിഭാഗം പ്രസംഗമത്സരം നടക്കും. ടൗണ് യു.പി.സ്‌കൂളിലെ വേദി ഏഴില്‍ സംഘഗാനം, ഗസല്‍ ആലാപനം, പ്രസംഗം, പദ്യം ചൊല്ലല്‍, ക്വിസ് എന്നിവയും നടക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനവും നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ ചെയര്‍മാനും, പ്രിന്‍സിപ്പാള്‍ കെ.കെ.ലത ജനറല്‍ കണ്‍വീനറും, എ.ഇ.ഒ വിജയ ആര്‍ ട്രഷററും, കെ.പി.ഗോപകുമാര്‍ പ്രോഗ്രാം കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘവും രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Back to top button
error: Content is protected !!