മൂവാറ്റുപുഴ നഗരസഭയിലെ ആദ്യ ഷീ ടോയിലറ്റ് പ്രവർത്തനം ആരംഭിക്കുന്നു..

Muvattupuzhanews.in

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ നിർമ്മാണം പൂർത്തിയാക്കിയ ഷീ ടോയിലറ്റ് തുറക്കുന്നു. മൂവാറ്റുപുഴ നെഹ്രുപാർക്കിൽ മുനിസിപ്പൽ പാർക്കിനോട് ചേർന്നാണ് ഷീ ടോയ്‌ലറ്റ് നിർമിച്ചിരിക്കുന്നത്. ഷീ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30ന് നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിക്കും. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് അധ്യക്ഷത വഹിക്കും. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ ഉപഹാര സമർപ്പണം നിർവ്വഹിക്കും.

മൂവാറ്റുപുഴയിൽ ഷീ ടോയ്‌ലറ്റ് എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മൂന്ന് പേർക്ക് ഒരേ സമയം ഉപയോഗിക്കാവുന്ന ശൗചാലയമാണ് ഒരുക്കിയിരിക്കുന്നത്. നെഹ്രുപാർക്കിൽ മുൻസിപ്പൽ പാർക്കിനോട് ചേർന്ന് ഏഴ് ലക്ഷം രൂപ മുതൽ മുടക്കിയാണ് ടോയ്‌ലറ്റ് കോപ്ലക്‌സ് നിർമിച്ചിരിക്കുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആദ്യ ഷീ ലോഡ്ജും മുവാറ്റുപുഴയിൽ ഒരുങ്ങുകയാണ്. കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം 25 ലക്ഷം രൂപ മുതൽ മടക്കിയാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. രാത്രികാലങ്ങളിലടക്കം മൂവാറ്റുപുഴയിലെത്തുന്ന സ്ത്രീകൾക്ക് തമാസിക്കുന്നതിനാണ് ഷീ ലോഡ്ജ് നിർമിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതോടൊപ്പം തന്നെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബസ് സർവ്വീസും ആരംഭിക്കും. മൂവാറ്റുപുഴ ടൗണിലെ വിവിധ ഭാഗങ്ങളിലും, സിവിൽ സ്റ്റേഷനിലേക്കടക്കം സർവ്വീസ് നടത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സിറ്റീ ബസ് സർവ്വീസ് ആരംഭിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകികൊണ്ടുള്ള നഗരസഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഒന്നാം ഘട്ടത്തിൽ ഷീ ടോയ്‌ലറ്റും, രണ്ടാം ഘട്ടത്തിൽ ഷീ ലോഡ്ജും, മൂന്നാം ഘട്ടത്തിൽ കുടുംബശ്രീ ബസ് സർവ്വീസും ആരംഭിക്കുന്നതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.സഹീർ പറഞ്ഞു. ഷീ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്യുന്നതോടെ മൂവാറ്റുപുഴ നഗരസഭയിലെ ചിരകാല സ്വപ്‌നമാണ് യാഥാർത്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Back to top button
error: Content is protected !!