മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ വോഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥലപരിശോധന പൂര്‍ത്തിയായി.

മൂവാറ്റുപുഴ: പ്രളയവും, ഉത്സവങ്ങളും ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടവും മൂലം മന്ദഗതിയിലായ മൂവാറ്റുപുഴ ടൗണ്‍ വികസനത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് റവന്യൂ, പൊതുമരാമത്ത്, കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥല പരിശോധന പൂര്‍ത്തിയായി. വെള്ളൂര്‍കുന്നം മുതല്‍ പി.ഒ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളാണ് സംഘം പരിശോധിച്ചത്. മൂവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ള കാക്കനാട് ലാന്റ് അക്വിസിഷന്‍(എല്‍.എ)തഹസീല്‍ദാര്‍ സുനില്‍ മാത്യു , എല്‍.എ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.മനോജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.എം.സത്യന്‍, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഷറഫുദ്ദീന്‍, കെ.എസ്.റ്റി.പി.അസിസ്റ്റന്റ് എഞ്ചിനീയര്‍ ജൂഡിറ്റ് മേരി മാത്യു, സര്‍വേയര്‍മാരായ സി.എന്‍.ഋഷികേശന്‍, എം.എസ്.ഷാജി ജോണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത സ്ഥലപരിശോധന നടത്തിയത്. ടൗണ്‍വികസനത്തിന്റെയും രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എല്‍ദോ എബ്രഹാം എം.എല്‍.എ, ജില്ലാകളക്ടര്‍ എസ്.സുഹാസ് എന്നിവരുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ അവലോക യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ സംയുക്ത സ്ഥലപരിശോധന നടത്തിയത്. 53 പേരുടെ സ്ഥലമാണ് ടൗണ്‍ വികസനത്തിന്റെ ഭാഗമായി ഇനി ഏറ്റെടുക്കാനുള്ളത്. ഈസ്ഥലങ്ങളുടെ പരിശോധനയാണ് പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് പരിസ്ഥിതി ആഘാത പഠനത്തിനായി സമര്‍പ്പിക്കും. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് ലഭിക്കുന്നമുറയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും 32.14 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.