മുസ്ലി പവര്‍ എക്‌സ്ട്രാ കേസ്; പ്രതികളെ വെറുതെ വിട്ടു…..

മൂവാറ്റുപുഴ: മുസ്ലി പവര്‍ എക്‌സ്ട്രാ ക്യാപ്‌സ്യൂള്‍ വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിയെന്നുകാണിച്ച് ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ എറണാകുളം സോണല്‍ ഓഫീസര്‍ ചാര്‍ജ് ചെയ്ത കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവായി. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയും ലൈസന്‍സിയുമായ മൂവാറ്റുപുഴ കുന്നത്ത് വീട്ടില്‍ കെ.സി എബ്രഹാം, കമ്പനിയുടെ ടെക്‌നിക്കല്‍ സ്റ്റാഫ് മൂവാറ്റുപുഴ കൊച്ചു തൊട്ടിയില്‍ ഡോക്ടര്‍ പി.ഡി. വര്‍ഗീസ് എന്നിവരെയാണ് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് സുനില്‍ ബര്‍ക്ക്മാന്‍സ് വര്‍ക്കി വെറുതെ വിട്ടത് . മൂവാറ്റുപുഴ കുന്നത്ത് ഫാര്‍മസിക്യൂട്ടിക്കല്‍സിനു് 2007 മുതല്‍ 2010 വരെ മൂന്നുവര്‍ഷത്തേക്ക് മുസ്ലി പവര്‍ എക്‌സ്ട്രാ ക്യാപ്‌സ്യൂള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന ആയുര്‍വേദ ഡ്രഗ് കണ്‍ട്രോളില്‍ നിന്നും ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് പ്രകാരം മുസ്ലി പവര്‍ ക്യാപ്‌സ്യൂള്‍ ഉല്‍പാദിപ്പിക്കുവാന്‍ കുറിക്കുലിഗോ എന്ന ബൊട്ടാണിക്കല്‍ നാമമുള്ള നിലപ്പന എന്ന മരുന്ന് ഉപയോഗിക്കണമായിരുന്നു. എന്നാല്‍ അതിന് വിപരീതമായി ക്ലോറോഫൈറ്റം ബോറിവിലിയേനം എന്ന ബൊട്ടാണിക്കല്‍ നാമമുള്ള സഫേദ് മുസ്ലി എന്ന മരുന്നുപയോഗിച്ചാണ് ക്യാപ്‌സൂള്‍ നിര്‍മ്മിച്ചെന്നാരോപിച്ചായിരുന്നു പ്രതികള്‍ക്കെതിരെ കേസ്സെടുത്തത്. 1940 ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരമായിരുന്നു കേസ്. 2009 ഒക്ടോബര്‍ മാസം പതിനഞ്ചാം തീയതി രാവിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മൂവാറ്റുപുഴയില്‍ ഉള്ള കമ്പനിയില്‍ തിരുവനന്തപുരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഡോക്ടര്‍ സ്മാര്‍ട് പി.. ജോണ്‍ എറണാകുളം സോണല്‍ ഓഫീസര്‍ പി.വൈ ജോണ്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഗിരിജാ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി പരസ്യങ്ങളില്‍ നിന്നും വ്യതിചലിച്ച് വ്യത്യസ്തമായി പൊതുജനങ്ങളെ വഴിതെറ്റിച്ചും വഞ്ചിച്ചും മുസ്ലിപവര്‍ വില്‍പന നടത്തുന്നുവെന്നാരോപിച്ച് പത്രപ്രവര്‍ത്തകന്‍ കൂടിയായ ബി. വി രവീന്ദ്രന്‍ എന്നയാള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നത് യുവാക്കളിലും, സാമൂഹ്യ വിരുദ്ധരിലും ചെലുത്തുന്ന സ്വാധീനം അങ്ങേയറ്റം ദോഷകരമാണ്. കാമാസക്തി ജനിപ്പിക്കുന്ന മരുന്നാണ് എന്ന് പരാമര്‍ശിക്കുമ്പോള്‍ അതുവഴി ജനങ്ങളില്‍ അക്രമവാസനയും, സ്ത്രീ പീഡനവാസനയും ഇടയാകും എന്നും പരാതിയില്‍ പറഞ്ഞിരുന്നു. പരിശോധനയില്‍ മുസ് ലി പവര്‍ എക്‌സ്ട്രാ ഉണ്ടാക്കുന്നത് അനുവദിച്ച ഫോര്‍മുലയില്‍ നിന്നും വ്യത്യസ്തമായിട്ടായിരുന്നുവെന്ന് കണ്ടെത്തി ഒന്നാംപ്രതി കെ.സി. എബ്രഹാമിന്റെയും സാക്ഷിയുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളായ രേഖകളും മുസ്ലി പവര്‍ ക്യാപ്‌സ്യൂളും കോടതിയില്‍ അന്നുതന്നെ ഹാജരാക്കി. അന്വേഷണത്തില്‍ വളരെയധികം മുസ്ലിം പവര്‍ ക്യാപ്‌സൂളുകള്‍ കമ്പനിയില്‍ ഉണ്ടായിരുന്നത് പൊതുവിപണിയില്‍ വില്‍ക്കുന്നതില്‍ നിന്നും നോട്ടീസ് പ്രകാരം കമ്പനിയെ വിലക്കുകയും ചെയ്തു. മൂവാറ്റുപുഴ നെല്ലാട് പ്രവര്‍ത്തിക്കുന്ന എലിക് സിര്‍ എക്‌സ്ട്രാക്ട് മാനേജിങ് ഡയറക്ടറായ അനില്‍ കൃഷ്ണയുടെ കമ്പനിയില്‍നിന്നും കുന്നത്ത് ഫാര്‍മസിക്യൂട്ടിക്കല്‍സ് 36 ലക്ഷം രൂപയുടെ 1270 കിലോയുടെ സഫേദി മുസ്ലി വാങ്ങിയിട്ടുള്ള രേഖയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ആറ് സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പരിശോധനയില്‍ കണ്ടെടുത്ത ക്യാപ്‌സൂളുകളും കോടതി തെളിവായി എടുത്തിരുന്നു. നിയമപ്രകാരം അനുവദിച്ചതിലും വ്യത്യസ്തമായ സാധനങ്ങള്‍ ഉപയോഗിച്ചാണോ മുസ്ലി പവര്‍ എക്‌സ്ട്രാ ക്യാപ്‌സ്യൂളുകള്‍ ഉണ്ടാക്കിയതെന്നും അപ്രകാരം വില്പന നടത്തിയിട്ടുണ്ടോയെന്നുമായിരുന്നു കോടതി പരിശോധിച്ചത്. ലൈസന്‍സിന് വിരുദ്ധമായി വ്യാജ ഉല്‍പ്പന്നം നിര്‍മ്മിച്ചു എന്നായിരുന്നു പ്രോസിക്യൂട്ടര്‍ വാദിച്ചത്. നിലപ്പന എന്ന മരുന്നിനുപകരം സഫേദ് മുസ് ലി എന്ന മരുന്ന് ഉപയോഗിച്ചാണ് മുസ്ലി പവര്‍ എക്ട്രാ ക്വാപ്‌സ്യൂളുകള്‍ നിര്‍മിച്ചത്. മരുന്നുണ്ടാക്കാന്‍ സ്വീകരിച്ച രീതിയിലും പ്രോസിക്യൂട്ടര്‍ തെറ്റ് കണ്ടെത്തി. കഷായം നിര്‍മ്മിച്ചതിനു ശേഷം ഉണക്കി ക്യാപ്‌സ്യൂളാക്കാനായിരുന്നു ലൈസന്‍സ്. എന്നാല്‍ പ്രതി മരുന്നിന്റെ എക്‌സ്ട്രാക്റ്റ് വാങ്ങിയാണ് മുസ്ലി പവര്‍ ക്യാപ്‌സ് ഉണ്ടാക്കിയത്. ഇത് നിയമവിരുദ്ധമാണ്. എന്നാല്‍ നേരെമറിച്ച് നിലപ്പനയും സഫേദ് മുസ്ലിയും ഒന്നാണെന്നും മരുന്നില്‍ മാറ്റമില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ച സംസ് സ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഇതില്‍ തെറ്റില്ലെന്നാണ് മൊഴിനല്‍കിയത്. പേരില്‍ വ്യത്യാസം ഉണ്ടെങ്കിലും ഇതില്‍ നിന്നും കിട്ടുന്ന എക്‌സ്ട്രാക്ട് ഒന്നാണ്.ലൈസന്‍സ് പ്രകാരം അനുവദിച്ച മരുന്നുകള്‍ മാറ്റി ഗുണനിലവാരം കുറഞ്ഞതും വ്യാജമായതുമായ മരുന്നുകള്‍ ചേര്‍ത്താണ് മുസ്ലി പവര്‍ നിര്‍മ്മിച്ചതെന്ന പ്രോസിക്യുഷന്റെ നിലപാട് ശാസ്ത്രീയമായും നിയമപരമായും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന പ്രതിഭാഗം അഭിഭാഷകന്‍ സി.കെ. ആരിഫിന്റെ വാദം കോടതി മുഖവിലക്കെടുത്തു. മുസ്ലി എന്ന സംസ്‌കൃതനാമത്തിന്റെ മലയാള പേരാണു് നിലപ്പന. സഫേദ് മുസ്ലിക്കും നിലപ്പനക്കും മെഡിസിനല്‍ വാല്യൂ ഒന്നാണ്. ഈ വാദം കോടതി അംഗീകരിച്ചാണ് മുസ്ലി പവര്‍ എക്‌സ്ട്ര ഉടമ കെ.സി.എബ്രഹാമിനെ കേസ്സില്‍ നിന്നും കുറ്റവിമുക്തനാക്കിയത്
10 വര്‍ഷത്തെ നിയമപോരാട്ടമാണ് ഇതോടെ അവസാനിച്ചത്.