മാറാടി കുരുക്കുന്നപുരം യാക്കോബായ പള്ളി സംരക്ഷിക്കാന്‍ നാട് ഒന്നിക്കുന്നു.

മൂവാറ്റുപുഴ: മാറാടിയിലെ യാക്കോബായ വിശ്വാസികളുടെ അതീനതയിലുള്ള കുരുക്കുന്നപുരം മാര്‍ത്തമറിയം യാക്കോബായ പള്ളി പിടിച്ചെടുക്കാനുള്ള ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ നീക്കത്തിനെതിരെ മാറാടി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലേയും യാക്കോബായ വിശ്വാസികളുടെയും സര്‍വ്വമത കക്ഷികളുടെയും നേതൃത്വത്തില്‍ റാലിയും വിശദീകരണ യോഗവും നടക്കുമെന്ന് പള്ളി വികാരി ഫാ. കുര്യാക്കോസ് മണിയാട്ടും, ട്രസ്റ്റി ജീസണ്‍ ജോസും, കണ്‍വീനര്‍മാരായ സാബു ജോണ്‍, ടോമി പാലമല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 1865 ല്‍ സ്ഥാപിതമായ പള്ളി ഇടവക വിശ്വാസികളുടെ അദ്ധ്വാനം കൊണ്ട് പടുത്തുയര്‍ത്തിയ കുരുക്കുന്നപുരം യാക്കോബായ പള്ളി സമീപകാലത്തെ കോടതി വിധിയുടെ മറവില്‍ ഓര്‍ത്തഡോക്‌സ് പക്ഷകാര്‍ കയ്യേറാന്‍ ശ്രമിക്കുകയാണന്നും ഭരവാഹികള്‍ ആരോപിച്ചു. 450-ഓളം കുടുംബങ്ങളും, 2000-ഇടവക അംഗങ്ങളും ഉള്‍പ്പെടുന്ന മാറാടി കുരുക്കുന്നപുരം പള്ളിയില്‍ 155-വര്‍ഷമായി തുടര്‍ന്ന് വരുന്ന സമാധാന അന്തരീക്ഷം തകര്‍ത്ത് കേവലം വിശ്വാസങ്ങള്‍ക്കോ, ആചാരങ്ങള്‍ക്കോ മാന്യത നല്‍കാതെ പള്ളി സ്വത്തുക്കള്‍ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പള്ളി പിടിച്ചെടുക്കാനുള്ള നീക്കം നടത്തുന്നതെന്നും ഇവരെ ഒറ്റപ്പെടുത്തി പള്ളി സംരക്ഷിക്കുക, അനീതിക്കെതിരെ പ്രതികരിക്കുന്നതിനും, സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ഞാറാഴ്ച വൈകിട്ട് മാറാടി മണ്ണത്തൂര്‍ ജംഗ്ഷനില്‍ സര്‍വ്വമത സര്‍വ്വ കക്ഷി വിശദീകരണ യോഗം നടക്കും. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നതിന്  ജാതിമത ഭേദമന്യേ എല്ലാവരെയും അണിനിരത്തി റാലി നടക്കും. വൈകിട്ട് മൂന്നിന് മഞ്ചരിപ്പടിയില്‍ നിന്നും ആറംഭിക്കുന്ന റാലി മണ്ണത്തൂര്‍ ജംഗ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന വിശദീകരണ യോഗം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍എം.പി. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തും. പള്ളി വികാരി ഫാ.കുര്യാക്കോസ് മണിയാട്ട് സ്വാഗതം പറയും. എം.എല്‍.എമാരായ ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, മുന്‍എം.പിമാരായ ജോയ്‌സ് ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ജോസഫ് വാഴയ്ക്കന്‍, ബാബു പോള്‍, ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, മാറാടി മുഹ് യദ്ദീന്‍ ജുമാമസ്ജിദ് ചീഫ് ഇമാം നസീര്‍ കാഷിഫി, മാറാടി ഭഗവതി ക്ഷേത്രം മേല്‍ശാന്തി പരമേശ്വരന്‍ ഇളയത്, എസ്.എന്‍.ഡി.പി. യോഗം ഭാരവാഹി വിജയന്‍ കളരിക്കകുടി, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ഭാരവാഹി കെ.കെ.ദിലീപ്കുമാര്‍, കെ.പി.എം.എസ്.ഭാരവാഹി പി.ശശി, കെ.വി.എം.എസ്. ഭാരവാഹി ശാര്‍ങ്ങധരന്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ യോഗത്തില്‍ സംസാരിക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.     

Leave a Reply

Back to top button
error: Content is protected !!