മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം .കോട്ടപ്പടിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു.

Muvattupuzhanews.in
മുവാറ്റുപുഴ :കോട്ടപ്പടിയിൽ ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.കോട്ടപ്പടി നാഗഞ്ചേരിക്കടുത്തു കല്ലിങ്കപറമ്പിൽ വീട്ടിൽ കാർത്തിയാനിയാണ് (65) കൊല്ലപ്പെട്ടത്. അവിവാഹിതനായ മകൻ അനീഷ് കുമാർ (34 ) എന്നു വിളിക്കുന്ന ബൈജുവിന്റെ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് ആണെന്നാണ് പ്രാഥമിക നിഗമനം. ഉറങ്ങിക്കിടന്ന അമ്മയെ മകൻ ഒറ്റവെട്ടിന് കൊലപ്പെടുത്തുകയായിരുന്നു എന്ന് നാട്ടുകാർ കരുതുന്നു. ചെറിയ മാനസിക പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാർ പറയുന്ന പ്രതി അമ്മയെ കൊലപ്പെടുത്തിയ ശേഷം വാർഡിലെ മുൻ മെമ്പറുടെ വീട്ടിലേക്ക് ചെന്ന് വിവരങ്ങൾ പറഞ്ഞു. വിവരങ്ങളറിഞ്ഞ മുൻ മെമ്പർ പ്രതിയോട് കോട്ടപ്പടി പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങുവാൻ നിർദ്ദേശിച്ചു. തുടർന്ന് പ്രതിയായ ബൈജു പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങി. അതിനു ശേഷമാണ് സംഭവം നടന്ന വീടിൻറെ അടുത്ത് ഉള്ളവർ പോലും കൊലപാതകം അറിയുന്നത്. കോട്ടപ്പടി പോലീസ് , ഡോക്ടറെ കൂട്ടി സംഭവസ്ഥലത്ത് എത്തുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. പോലീസ് പ്രാഥമിക നിയമ നടപടി ക്രമങ്ങൾ സ്വീകരിച്ചുവരുന്നു