ഭൂപ്രശ്നം ഉടൻ പരിഹരിക്കണം: ഫ്രാന്‍സിസ് ജോര്‍ജ്

മുവാറ്റുപുഴ: സംസ്ഥാനത്ത് ഭൂപതിവ് നിയമവും ഭൂപരിഷ്കരണനിയമവും നിലവില്‍ വന്നതിനുശേഷം സമീപ നാളുകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ കര്‍ഷക ജനതയെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് കെ. ഫ്രാന്‍സീസ് ജോര്‍ജ്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ പ്രകാരം മിച്ചഭൂമിയുടെ പരിധിയില്‍നിന്ന് ഇളവു ലഭിച്ചതും ഭൂമി അനുവദിച്ച ആവശ്യത്തിലേക്കു വിനിയോഗിക്കാതെ പൂര്‍ണമായോ, ഭാഗീകമായോ തുണ്ടുവത്കരിക്കുകയും തരം മാറ്റം വരുത്തുകയും ചെയ്ത നടപടി തടയുന്നതിന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ഭൂപരിഷ്കരണ നിയമത്തില്‍ 87 എ എന്ന പുതിയ വകുപ്പ് കൊണ്ടുവരുന്നതിനു മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.
ഇളവ് ലഭിച്ച ഭൂമിയാണെന്നറിയാതെ ഇത്തരം ഭൂമി വാങ്ങിയിട്ടുള്ള അനേകായിരങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. അതിനാല്‍ നിലവിലുള്ള കൈവശ ഉടമസ്ഥാവകാശം ക്രമീകരിച്ചു നല്‍കുകയും ഭാവിയില്‍ ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകിതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.
റീസര്‍വേയിലെ അപാകതകള്‍ മൂലം കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം ഏക്കര്‍ പുരയിടം റീസര്‍വേയ്ക്കുശേഷം തോട്ടങ്ങള്‍ എന്ന പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തില്‍ വന്ന ഈ അപാകതയില്‍ സര്‍വേ വില്ലേജ് റിക്കാര്‍ഡുകളില്‍ വേണ്ട തിരുത്തല്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഫ്രാന്‍സീസ് ജോര്‍ജ് ആവശ്യപ്പെട്ടു.