പ്ലാസ്റ്റിക് സൗഹൃദ വാര്‍ഡാവാനൊരുങ്ങി ഈസ്റ്റ് മാറാടി തൈക്കാവ് വാര്‍ഡ്; ഒന്നാം ഘട്ടത്തില്‍ നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി.

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തില്‍ മാറാടി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുന്നൂറിലധികം വീടുകളില്‍ നിന്നും ശേഖരിച്ച നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് റീസൈക്ലിംഗിനായി കൈമാറി. ആദ്യ ഘട്ടമെന്ന നിലയില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും പ്ലാസ്റ്റിക് ഉപയോഗവുമായി ബന്ധപ്പെട്ട് സര്‍വ്വെ നടത്തുകയും അതില്‍ തൊണ്ണൂറ് ശതമാനം പേരും പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് വാര്‍ഡില്‍ മുഴുവന്‍ പേര്‍ക്കും ബോധവല്‍ക്കരണം നടത്തി. തുടര്‍ന്ന് വീടുകളില്‍ ഉപയോഗശേഷം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത് കൊണ്ടിരുന്ന പാല്‍, ബിസ്‌ക്കറ്റ്, പലവ്യഞ്ജന സാധനങ്ങള്‍, മിഠായികള്‍, നാപ്കിന്‍, ഐസ്‌ക്രിം തുടങ്ങിയവയുടെ പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് ക്യാരിബാഗുകളും കഴുകി ഉണക്കാന്‍ കഴിയുന്ന മെറ്റല്‍ ക്ലിപ്പുകളും തുണി സഞ്ചിയും വര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍ക്കുന്നേലിന്റെ നേതൃത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വിദ്യാര്‍ത്ഥികളുടെ സഹായത്താല്‍ നല്‍കി. അതിന് ശേഷം അവധി ദിവസങ്ങളില്‍ മാസത്തിലൊരിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചെറിയ ഗ്രൂപ്പുകളായി എല്ലാ വീടുകളിലും പോയി ശേഖരിയ്ക്കുകയും അവ തരം തിരിച്ച് റീസൈക്ലിംഗിനായി ഒരു കേന്ദ്രത്തില്‍ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യും. ആദ്യഘട്ടമെന്ന നിലയില്‍ ഒരു വാര്‍ഡിനെ ബോധവല്‍ക്കരണത്തിലൂടെ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്ന് മാറാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും അധ്യാപകനായ സമീര്‍ സിദ്ദീഖി പറഞ്ഞു. നാലാം വാര്‍ഡിനെ പ്ലാസ്റ്റിക് സൗഹൃദ വാര്‍ഡായി പ്രഖ്യാപനവും, വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നൂറ്റി ഒന്ന് ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറലും മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍, മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്‍, ബ്ലോക്ക് മെമ്പര്‍മാരായ ഒ.പി. ബേബി, ഒ.സി ഏലിയാസ്, വൈസ് പ്രസിഡന്റ് കെ.യു ബേബി, വല്‍സല ബിന്ദുകുട്ടന്‍, വിപിന്‍ദാസ്, ബിന്ദു ബേബി, പഞ്ചായത്ത് സെക്രട്ടറി സുധീര്‍ ബി, അസിസ്റ്റന്റ് സെക്രട്ടറി ബിനോയി മത്തായി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സല്ലി ചാക്കോ, പി.ടി.എ പ്രസിഡന്റ് പി.ടി അനില്‍കുമാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് സിനിജസനല്‍, ഹരിതകരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, ശ്രീകല ജി, ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ആദ്യ പ്ലാസ്റ്റിക് രഹിത സ്റ്റോറായ കോലഞ്ചേരിയിലെ ഗ്രീന്‍ സ്റ്റോര്‍ ഉടമ ബിട്ടുജോണിന് യൂത്ത് ഐക്കണ്‍ അവാര്‍ഡും നല്‍കി ആദരിച്ചു.