പീഡനത്തിനിരയായ ബാലികയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി:- പോലീസ് അന്വേഷണം തുടങ്ങി.

muvattupuzhanews.in
മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളികളുടെ പീഡനത്തിനിരയായ ബാലികയെ പ്രതികളുടെ സഹോദരന്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന പരാതി.പരാതിയിൽ പൊലീസ് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് അംഗന്‍വാടിയില്‍ അഭയം തേടിയ ആറു വയസ്സുകാരിയെ പൊലീസ് രാത്രി കാക്കനാട് സ്നേഹിതയിലേക്ക് മാറ്റി. നിലവിൽ പൊലീസിന് കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നതിലെ പേടിമൂലം ഉണ്ടായ ഭാവനയാണ് കൊലപാതക ശ്രമകഥയെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് അടക്കം അന്വേഷണം നടത്തിയെങ്കിലും പ്രതിയെ എന്ന് പറയപ്പെടുന്ന വ്യക്തിയെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. ഒഡിഷക്കാരായ രണ്ട് തൊഴിലാളികളിൽ നിന്നും പീഡനത്തിന് ഇരയായിരുന്ന പെണ്‍കുട്ടിയെ രണ്ട് മാസം മുമ്പ് മൂവാറ്റുപുഴ പൊലീസാണ് രക്ഷപ്പെടുത്തിയത്.പ്രതികളായ ഒഡിഷ സ്വദേശികളെ അറസ്റ്റ് ചെയ്യുകയും,തുടര്‍ന്ന് കുട്ടിയെ കാക്കനാടുള്ള ചൈല്‍ഡ് ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ കാണാനെത്തിയ മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ കുട്ടി വ്യാഴാഴ്ച അംഗന്‍വാടിയില്‍നിന്ന് വീട്ടിലെത്തിയപ്പോള്‍ പ്രതികളുടെ സഹോദരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ടീച്ചറോട് പറഞ്ഞത്. വീട്ടിലേക്കു പോയ കുട്ടി പരിഭ്രാന്തയായി അംഗന്‍വാടിയിലേക്ക് ഓടിയെത്തുകയായിരുന്നു.