പിന്‍സീറ്റുകാര്‍ക്കും ഇന്ന് മുതല്‍ ഹെല്‍മെറ്റ്‌ നിർബദ്ധമാക്കി:പിഴ 500; തുടര്‍ന്നാല്‍ ഇരട്ടി പിഴ

മുവാറ്റുപുഴ:ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇന്നു മുതല്‍ ഹെല്‍മെറ്റ്‌ നിര്‍ബന്ധം.കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇളവ്‌ അനുവദിക്കാന്‍ സംസ്‌ഥാനത്തിന്‌ അധികാരമില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍, കാറുകളുടെ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക്‌ ഇന്ന് മുതല്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമാകും.
ഇന്നുമുതല്‍ പരിശോധന കര്‍ശനമാക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പും പോലീസും അറിയിച്ചു. ഏതാനും ദിവസം ബോധവല്‍ക്കരണം നടത്താനും,താൽക്കാലികമായി പിഴ ഒഴിവാക്കാനുമാണു തീരുമാനം. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മെറ്റ്‌ ധരിക്കാതെയും, കാറുകളില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാതെയും യാത്ര ചെയ്യുന്നവര്‍ക്ക്‌ 500 രൂപയാണു പിഴ നിശ്‌ചയിച്ചിരിക്കുന്നത്‌.
തെറ്റ്‌ ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. നിയമലംഘനം പതിവാക്കിയാല്‍ ഡ്രൈവിങ്‌ ലൈസന്‍സ്‌ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്കു നീങ്ങുമെന്നും മോട്ടോർ വാഹന വകുപ്പ് അധികാരികൾ അറിയിച്ചു.
ഹെല്‍മെറ്റ്‌ വേട്ടയ്‌ക്കിടെ പോലീസ്‌ ലാത്തിയെറിഞ്ഞു വീഴ്‌ത്തിയ യുവാവിനു ഗുരുതര പരുക്കേറ്റ സാഹചര്യത്തില്‍ കരുതലോടെയാകും നടപടികള്‍. വാഹനങ്ങളെ പിന്തുടര്‍ന്നു പിടിക്കാന്‍ ശ്രമിക്കരുതെന്നും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ, ഗതാഗത കമ്മിഷണര്‍ ആര്‍. ശ്രീലേഖ എന്നിവര്‍ നിര്‍ദേശം നല്‍കി.

Leave a Reply

Back to top button
error: Content is protected !!