നദികളും ജലാശയങ്ങളും സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി മൂവാറ്റുപുഴയില്‍ നദീദിനാചരണം

മൂവാറ്റുപുഴ: കേരളത്തിന്റെ ഭൂപ്രകൃതി മുന്‍പില്ലാത്തവിധം പ്രകൃതി ദുരന്തങ്ങള്‍ക്കും നിലനില്‍പ്പിനും ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ തിരിച്ചറിയലിനും, തിരുത്തലിനും തയ്യാറാകണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും കേരളത്തിന്റെ പ്രകൃതി മൂലധനങ്ങളായ ജലവും, നദികളും ജലാശയങ്ങളും വനവും, ധാതുക്കളും സംരക്ഷിക്കണമെന്ന സന്ദേശമുയര്‍ത്തി കേരള നദീസംരക്ഷണ സമിതിയുടെയും മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 21-മത് നദീദിനാചരണം നടന്നു. രാവിലെ ഒമ്പതിന് മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തില്‍ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥികളും നദീസംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും നടന്നു.  നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.ആന്റണി പുത്തന്‍കുളം അധ്യക്ഷത വഹിച്ചു. ഡോ.ഷാജു തോമസ് സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ത്രിവേണി സംഗമത്തിലെ കടത്തുകാരന്‍ ബേബി ജോര്‍ജ് കുഴികണ്ടത്തിലിനെ പ്രൊഫ എസ്.സീതാരാമന്‍ പൊന്നാടയണിച്ച് ആദരിച്ചു.പ്രൊഫ.എം.പി.മത്തായി, അസ്സീസ് കുന്നപ്പിള്ളി, നസീര്‍ അലിയാര്‍,  സമീര്‍ സിദ്ദീഖ്,  എന്നിവര്‍ സംമ്പന്ധിച്ചു. തുടര്‍ന്ന് നിര്‍മ്മല കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന നദീദിനാചരണവും ശാസ്ത്ര സെമിനാറും എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിര്‍മ്മല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു.  കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സീതാരാമന്‍ ആമുഖ പ്രഭാഷണം നടത്തി. നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി.രാജന്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ മുന്‍എം.എല്‍.എ ബാബുപോള്‍, പ്രൊഫ.എസ്.രാമചന്ദ്രന്‍, ഡോ.ആല്‍ബിഷ് കെ.പോള്‍, ഫാ.ഫ്രാന്‍സിസ് കണ്ണാടന്‍, വേണു വാരിയത്ത്, കലാധരന്‍ മറ്റപ്പിള്ളി, ഡോ.ഷാജു തോമസ്  എന്നിവര്‍ സംസാരിച്ചു.  ജല ഓഡിറ്റ് എന്ന വിഷയത്തില്‍ ഡോ.സണ്ണി ജോര്‍ജും ജലചക്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ.എസ്.അഭിലാഷും ജലമലിനീകരണവും ആരോഗ്യവും എന്ന വിഷയത്തില്‍ പി.ബി.ശ്രീലക്ഷ്മിയും, ചാലക്കുടി പുഴയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പാരിസ്ഥിതിക വിലയിരുത്തലും എന്ന വിഷയത്തില്‍ എസ്.പി.രവിയും ക്ലാസ്സെടുത്തു. ഉച്ചകഴിഞ്ഞ് രണ്ടിന് നദികള്‍ നേരിടുന്ന വെല്ലുവിളികളും വിശകലനങ്ങളും ചര്‍ച്ചയും നടക്കും. ചര്‍ച്ചയില്‍ സംസ്ഥാനത്തെ വിവിധ നദീസംരക്ഷണ സമിതിയുടെ ഭാരവാഹികള്‍ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!