ദേശീയ ചലചിത്ര മേളയ്ക്ക് ഇന്ന് 6 മണിക്ക് മുവാറ്റുപുഴയില്‍ തുടക്കമാകും.

Muvattupuzhanews.in
മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന 11-മത് ദേശീയ ചലചിത്ര മേളയ്ക്ക് വെള്ളിയാഴ്ച ആറു മണിക്ക് തുടക്കമാകും. ചലചിത്ര മേളയുടെ ഭാഗമായിട്ടുള്ള ചലചിത്ര പ്രദര്‍ശനം രാവിലെ മുതല്‍ മൂവാറ്റുപുഴ ഇ.വി.എം. ലത തിയേറ്ററുകളില്‍ രണ്ട് സ്‌ക്രീനുകളിലായി നടക്കും. വൈകിട്ട് 6.30ന് മേളയുടെ ഉദ്ഘാടനം ഇവിഎം ലത തിയേറ്ററില്‍ സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ശിവ നിര്‍വ്വഹിക്കും. സംവിധായകന്‍ കബീര്‍ ചൗധരി ഫെസ്റ്റിവെല്‍ ബുക്കിന്റെ പ്രകാശനം നിര്‍വ്വഹിക്കും. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്‍.ബാബു, ചലചിത്ര അക്കാദമി ഫെസ്റ്റിവെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.ഷാജി, പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.പി.സജീഷ്, മൂവാറ്റുപുഴ ഫിലിംസൊസൈറ്റി ജോയിന്റ് സെക്രട്ടറി അഡ്വ.അനില്‍ എന്നിവര്‍ സംസാരിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മികച്ച ഉറുദു ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഐജാസ്ഖാന്‍ സംവിധാനം ചെയ്ത ഹാമിദ് പ്രദര്‍ശിപ്പിക്കും. ചലചിത്ര മേളയില്‍ അന്തരിച്ച നടനും സംവിധായകനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് പട്ടാഭിരാമറെഡ്ഡി സംവിധാനം ചെയ്ത സംസ്‌കാര എന്ന ചിത്രവും, വിഖ്യാത ബംഗാളി സംവിധായകന്റെ ഐശ്വര്യ റായ് മുഖ്യവേഷത്തിലഭിനയിച്ച ചോഖോര്‍ബാലിയും, 23-മത് ഐ.എഫ്.എഫ്.കെയില്‍ പ്രഥമ കെ.ആര്‍.മോഹനന്‍ എഫ്.എഫ്.എസ്.ഐ പുരസ്‌കാരം നേടിയ ബംഗാളി ചിത്രം മനോഹര്‍ ആന്‍ഡ് ഐയുടെ പ്രദര്‍ശനവും വെള്ളിയാഴ്ച നടക്കും.