ഡീൻ കുര്യാക്കോസ് എം.പി ദേശിയപാത വികസനം അവലോകന യോഗം വിളിച്ചു ചേർത്തു

തൊടുപുഴ: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ ദേശിയപാതകളുടെ വികസനം സംബന്ധിച്ച് ദേശിയപാത വിഭാഗം എഞ്ചിനീയമാരുടെ യോഗം തൊടുപുഴ പിഡബ്ലിയു ഡി റസ്റ്റ് ഹൗസിൽ ഡീൻ കുര്യാക്കോസ് എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. എൻ. എച്ച് 183 ൽ മുണ്ടക്കയം മുതൽ കുമളി വരെയും, എൻ. എച്ച് 185 ൽ അടിമാലി മുതൽ ചെളിമട വരെയും, എൻ. എച്ച് 85 ൽ ബോഡിമെട്ടു മുതൽ പെരുവംമൂഴി പാലം വരെയും ഉള്ള ഭാഗങ്ങളിലെ അടഞ്ഞുകിടക്കുന്ന കലുങ്കുകൾ തുറക്കാനും ഓടകൾ വൃത്തിയാക്കുവാനും അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ എം.പി. നിർദ്ദേശം നൽകി. വിവിധ ഭാഗങ്ങളിൽ ദേശിയപാതയുടെ അരികിൽ വളർന്ന കാടുകൾ നീക്കം ചെയ്യുന്നതിനും ഈ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു. നിലവിൽ ദേശിയപാതകളിൽ നടന്നു വരുന്ന എല്ലാ പ്രവർത്തികളും വേഗത്തിലാക്കുന്നതിനും , പ്രളയാനന്തര പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. ദേശിയ പാതകളുടെ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ തടസ്സങ്ങൾ ചർച്ച ചെയ്തു. യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിൻറെ അടിസ്ഥാനത്തിൽ 22.08.2019 ൽ ഇടുക്കി ജില്ലാ കളക്ടറുടെ ചേമ്പറിൽ ഹാരിസൺ മലയാളം പ്ലാൻറേഷൻ മാനേജ്മെൻറ് പ്രതിനിധികൾ , എൻ. എച്ച് പ്രതിനിധികൾ എന്നിവരുടെ യോഗം കളക്ടർ എച്ച് ദിനേശിൻറെ അദ്ധ്യക്ഷതയിൽ കൂടി ദേശിയപാത 85 ൽ പൂപ്പാറ ജംങ്ഷനിൽ എച്ച്.എം.എൽ കമ്പനിയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ദേശിയപാത അധികൃതരോട് എം.പി. നിർദ്ദേശിച്ചു. യോഗതീരുമാനപ്രകാരം എം.പി. നേരിട്ട് എച്ച്.എം.എൽ മാനേജ്മെൻറുമായി ചർച്ച നടത്തുവാനും സമവായത്തിലെത്തുന്നതിനും അല്ലാത്ത പക്ഷം ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിനും തീരുമാനിച്ചു.