ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്;എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

മുവാറ്റുപുഴ:ഐ ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം എം എല്‍ എ അടക്കമുള്ള സി പി ഐ നേതാക്കള്‍ക്ക് ജാമ്യം. റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം എറണാകുളം സി ജി എം കോടതി തള്ളി. സി പി ഐ നേതാക്കള്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങളാണ് പൊലീസ് നടത്തിയിരുന്നത്.
ജൂലൈ 23 നായിരുന്നു ഞാറയ്ക്കല്‍ സി ഐ യെ സസ്പന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐജി ഓഫീസ് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് എം എല്‍ എ ക്കെതിരെ ലാത്തിചാര്‍ജ് നടത്തിയ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ് ഐ വിപിന്‍ ദാസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
സിപിഐ നേതാക്കള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ മാര്‍ച്ച് നടത്തി. വടി, കട്ട, കല്ല് എന്നിവ ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചത് വഴി 40,500 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി എന്നിവ അടക്കമുള്ള പരാമര്‍ശങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയ എറണാകുളം സിജിഎം കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തിന് തത്തുല്യമായ തുക കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് പ്രതികള്‍ക്ക് ഇന്ന് ജാമ്യം അനുവദിച്ചത്.