ഡാമുകള്‍ തുറന്നുവിട്ടെന്നത് വ്യാജ പ്രചാരണം -കെ.എസ്.ഇ.ബി

മുവാറ്റുപുഴ :സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ കെ.എസ്.ഇ.ബി. കനത്ത മഴ തുടരുന്നതിനിടെ ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നുവിട്ടു എന്ന തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് കെ.എസ്.ഇ.ബി പറഞ്ഞു.
ചെറുകിട ഡാമുകള്‍ മാത്രമാണു തുറന്നുവിടേണ്ടി വന്നതെന്ന് കെ.എസ്.ഇ.ബി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
‘KSEB യുടെ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വന്‍കിട ഡാമുകളിലെല്ലാം കൂടി നിലവില്‍ 30% ത്തില്‍ താഴെ വെള്ളമേയുള്ളൂ. (ഇടുക്കിയില്‍ വെറും 30% മാത്രമാണ് ഇന്നത്തെ ജലനിരപ്പ്).
ഈ ഡാമുകള്‍ എല്ലാം തുറന്നു വിട്ടു എന്ന നിലയില്‍ വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില ചെറുകിട ഡാമുകള്‍ മാത്രമാണ് തുറന്നു വിടേണ്ടി വന്നിട്ടുള്ളത്. മൊത്തത്തില്‍ ഡാമുകള്‍ തുറന്നു വിട്ടു എന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.’
സംസ്ഥാനത്ത് അതിതീവ്രമഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് മുഖമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗം ചേരുന്നത് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 22 പേര്‍ മഴക്കെടുതിയില്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതികൂലസാഹചര്യം നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യംപ് തുറന്നിട്ടുണ്ട്. 5936 കുടുംബങ്ങളിലായി 22165 പേര്‍ ക്യാംപില്‍ കഴിയുന്നു. വയനാടാണ് കൂടുതല്‍ പേര്‍ ക്യാംപില്‍ കഴിയുന്നത്- 9951 പേര്‍. സംസ്ഥാനത്ത് 24 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി.
വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിള്‍ അതിതീവ്രമഴയാണ്. ആഗസ്റ്റ് 15 ന് വീണ്ടും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.