ചലച്ചിത്രമേളകൾ സംസ്കാരത്തിന്റെ ഭാഗം : സിദ്ധാർത്ഥ ശിവ പതിനൊന്നാമത് ദേശീയ ചലച്ചിത്രമേളയ്ക്ക് മൂവാറ്റുപുഴയിൽ തുടക്കം

Muvattupuzhanews.in

സിനിമ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാകുന്നിടത്തോളം ചലച്ചിത്രമേളകൾ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് സംവിധായകൻ സിദ്ധാർത്ഥ ശിവ. പതിനൊന്നാമത് ദേശീയ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായത്തിനപ്പുറം സിനിമയിലെ കലയുടെ സാധ്യതകളെ പഠിക്കാനും പങ്കുവെയ്ക്കാനുമുള്ള വേദികളൊരുക്കിയത് ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ്.

ശാസ്ത്രത്തിന്റെ ഒരു കണ്ടെത്തലായി തുടങ്ങിയ സിനിമ, കലയായും വിനോദോപാധിയായും വ്യവസായമായും രൂപാന്തരപ്പെട്ടു. ശബ്ദമുള്ള ഒരു വിഡിയോ എന്ന നിലയിൽ സിനിമ വിരൽത്തുമ്പുകളിലേക്ക് ചുരുങ്ങുമ്പോൾ ഇത്തരം മേളകൾ അതിനെ ഉന്നതമായ ഒരു അനുഭവമാക്കി മാറ്റും. 100 ദിവസം ഓടുന്ന ഒരു സിനിമ ആഘോഷമാക്കുന്നുണ്ടെങ്കിൽ 100 സിനിമകൾ പ്രദർശിപ്പിക്കുന്ന ചലച്ചിത്രമേളകളും തീർച്ചയായും ആഘോഷമാകേണ്ടതുണ്ട്. – സിദ്ധാർത്ഥ ശിവ പറഞ്ഞു.

മേളയുടെ ഫെസ്ടിവൽ ബുക്ക് സംവിധായകൻ ഷെരീഫ് ഈസ നടൻ ഗോപാലനു നൽകി പ്രകാശനം ചെയ്തു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡണ്ട് യൂ.ആർ ബാബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ഡെപ്യുട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്. ഷാജി ആമുഖഭാഷണം നടത്തി.ചടങ്ങിന് സംഘാടക സമിതി കൺവീനർ അഡ്വ. ബി അനിൽ സ്വാഗതവും ചലച്ചിത്ര അക്കാദമി പ്രോഗ്രാം മാനേജർ വിമൽ കുമാർ വി.പി നന്ദിയും പറഞ്ഞു. തുടർന്ന് ഉദ്‌ഘാടന ചിത്രം ‘ഹാമീദ്’ പ്രദർശിപ്പിച്ചു.

മൂവാറ്റുപുഴ ഇ.വി.എം ലത തിയേറ്ററിൽ നടക്കുന്ന മേളയിൽ 30 ചിത്രങ്ങളാണ് 5 ദിനങ്ങളിലായി പ്രദർശിപ്പിക്കുക. മേള ഒക്ടോബർ 22ന് സമാപിക്കും.

Leave a Reply

Back to top button
error: Content is protected !!