കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ കക്കടാശ്ശേരി മുതല്‍ മറ്റക്കുഴി വരെയുള്ള റോഡ് നവീകരണത്തിന് ദേശീയ പാത അതോറിറ്റിയില്‍ നിന്നും 45-കോടി രൂപ അനുവദിച്ചു.

Muvattupuzhanews.in
മൂവാറ്റുപുഴ: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരി മുതല്‍ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മറ്റക്കുഴി വരെയുള്ള ദേശീയ പാത റോഡ് നവീകരണത്തിന് 45-കോടി രൂപ ദേശീയപാത അതോറിറ്റിയില്‍ നിന്നും അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കക്കടാശ്ശേരിയില്‍ നിന്നും ആരംഭിച്ച് കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ മറ്റക്കുഴിയില്‍ അവസാനിക്കുന്ന 25 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിനാണ് 45 കോടി രൂപ അനുവദിച്ചിരിക്കുന്നത്. റോഡ് ബി.എം, ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുകയും, വെള്ളകെട്ടുള്ള ഭാഗങ്ങളില്‍ ഓടകള്‍ നിര്‍മിക്കുകയും, നിലവിലെ ഓടകള്‍ നവീകരിക്കുകയും, റോഡിന്റെ ഇരുസൈഡുകളിലും കോണ്‍ഗ്രീറ്റ് ചെയ്യുകയും, റിഫ്‌ളക്‌സ് ലൈറ്റുകള്‍ സ്ഥാപിക്കുയും, ദിശാബോര്‍ഡുകളും, അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ച് റോഡ് മനോഹരമാക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നേരത്തെ റോഡിന്റെ മറ്റൊരു ഭാഗമായ കക്കടാശ്ശേരി മുതല്‍ ഇരുമ്പുപാലം വരെ റോഡ് നവീകരണത്തിന് ദേശീയ പാത അതോററ്റിയില്‍ നിന്നും 52 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കക്കടാശ്ശേരി മുതല്‍ മറ്റക്കുഴി വരെയുള്ള ദേശീയ പാത നവീകരണത്തിന് 45 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ കക്കടാശ്ശേരി മുതല്‍ എം.സി.റോഡിലെ നെഹ്രുപാര്‍ക്ക് വരെയും, വെള്ളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷന്‍ മുതല്‍ മറ്റക്കുഴി വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിംഗ് നടത്തിയ റോഡിന്റെ പലഭാഗങ്ങളിലും 2018, 2019 പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന നിലയിലാണ്. റോഡിലെ കുഴികള്‍ വാഹനങ്ങള്‍ അപകടം സൃഷ്ടിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ദേശീയ പാത അതോറ്റി പലഭാഗങ്ങളിലും അറ്റകുറ്റപ്പണികള്‍ നടത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. കാലപഴക്കത്തെ തുടര്‍ന്ന് റോഡിന്റെ പല ഭാഗങ്ങളിലും ഓടകള്‍ തകര്‍ന്ന നിലയിലാണ്. ചെറിയൊരു മഴപെയ്താല്‍ പോലും റോഡില്‍ വെള്ളകെട്ട് പതിവാണ്. ഇതെല്ലാം ചൂണ്ടികാണിച്ച് എല്‍ദോ എബ്രഹാം എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. ഇന്നലെ നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് റോഡിന് 45 കോടി രൂപ അനുവദിച്ചതായി അറിയിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ-പുനലൂര്‍ റോഡിന്റെ ഭാഗമായ മൂവാറ്റുപുഴ പി.ഒ.ജംഗ്ഷന്‍ മുതല്‍ നിയോജക മണ്ഡലാതിര്‍ത്തിയായ വാഴക്കുളം അച്ചന്‍കവല വരെയുള്ള ഭാഗത്തെ റോഡ് നവീകരണത്തിനാണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 10-കോടി രൂപ അനുവദിച്ചിട്ടുണ്ടന്നും ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എ.എല്‍.എ പറഞ്ഞു.