കുടുംബശ്രീ മിഷന്റെ സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതി വാരാചരണം-2019ന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ തുടക്കമായി.

മൂവാറ്റുപുഴ: കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നവരും സാമൂഹ്യമായി പിന്നോക്കവസ്ഥയിലുള്ളവര്‍ക്കുമായി നടപ്പിലാക്കുന്ന സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണം 2019ന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലതല ഉദ്ഘാടനം ആവോലി ഗ്രാമപഞ്ചായത്തിലെ ഇട്ടിയക്കാട്ട് മിച്ചഭൂമി കോളനിയല്‍ താമസിക്കുന്ന  മുണ്ടന്‍ചിറ മനു മാത്യുവിന്റെ ഭവന സന്ദര്‍ശത്തോടെ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. സൊറിയാസിസ് രോഗബാധിതനായ മനുവിന്ഒരുമാസത്തെ മരുന്നുകള്‍ നല്‍കിയാണ് എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി.എന്‍.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.എം.ഹാരിസ്, മേരി ബേബി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബല്‍ക്കീസ്  റഷീദ്, മെമ്പര്‍മാരായ സിനി സത്യന്‍, ഗീത ഭാസ്‌കര്‍, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റര്‍ പി.എസ്.സജിത, അക്കൗണ്ടന്റ് സോവി റോയി, സ്‌നേഹിത സര്‍വ്വീസ് പ്രൊവൈഡര്‍ സ്മിത സന്തോഷ്, ആവോലി പ്രാഥമീക ആരോഗ്യ കേന്ദ്രം ഡോ. പ്രിയ ബല്‍രാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു നിരപ്പത്ത്, സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സണ്‍ സ്മിത വിനു, എന്നിവര്‍ സമ്പന്ധിച്ചു.  കുടുംബശ്രീ മിഷന്റെ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് നവംമ്പര്‍ 15 മുതല്‍ 21 വരെ സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണം നടത്തുന്നത്. സമൂഹത്തില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗരന്‍മാരെയും ശ്രദ്ധയും പരിചരണവും നല്‍കുന്നതിന് പൊതുസമൂഹത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും സഹകരണവും പിന്തുണയും ഏകോപിപ്പിക്കുന്നതിനാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌നേഹിത കോളിംഗ് ബെല്‍ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നതിന്റെ പ്രധാന ഉദ്യേശലക്ഷ്യം.

 അനുദിനം മാറികൊണ്ടിരിക്കുന്ന ലോകവ്യവസ്ഥയില്‍ ഒറ്റയ്ക്കാവുന്നവരുടെ എണ്ണം കൃമാതീതമായി വര്‍ദ്ധിച്ച് വരികയാണ്. പ്രായമാകുന്നതോടെ ഇത്തരക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുന്നു.വാര്‍ദ്ധക്യത്തെ തുടര്‍ന്നുള്ള ശാരീരിക അവശതകള്‍ക്കിടയില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിനോ, അസുഖം ബാധിക്കുമ്പോള്‍ മരുന്ന് വാങ്ങി കഴിക്കുന്നതിനോ കഴിയാതെ ശരീരവും മനസും ജീര്‍ണ്ണിക്കുന്ന ഇത്തരം സാഹചര്യത്തില്‍ ഇവര്‍ക്ക് തുണയും പരിചരണവുമാണ് ആവശ്യം. സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതിയിലൂടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒറ്റപ്പെടുന്നവര്‍ക്ക് കരുതലും സാന്തനവുമായി പുതിയ ഒരു സാമൂഹിക മാറ്റത്തിന് പദ്ധതിയിലൂടെ തുടക്കമിടുകയാണ്. ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സര്‍വ്വേയില്‍ 1054 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആദ്യ സര്‍വ്വേയില്‍ 73- പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ആളുകളുള്ളത് പൈങ്ങോട്ടുര്‍ പഞ്ചായത്തിലാണ് 13 പേരെയാണ് ഇവിടെ സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. പോത്താനിക്കാട് ഒരാളും, വാളകത്ത് നാല്, മാറാടി നാല്, മഞ്ഞള്ളൂര്‍ ഏഴ്, കല്ലൂര്‍ക്കാട് എട്ട്, ആരക്കുഴ നാല്, ആയവന 10, ആവോലി മൂന്ന്, പോത്താനിക്കാട് ഒന്ന്, മൂവാറ്റുപുഴ നഗരസഭ ഏഴ് ഉപഭോക്താക്കളെയാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇനിയും ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ വാരാചരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുകയും ചെയ്യും. ഒറ്റയ്ക്ക് താമസിക്കുന്നവരും, സാമൂഹ്യമായി പിന്നോക്കവസ്ഥയിലുള്ളവരുമാണ് ഇവരില്‍ ഏറെയും. സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക, വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വിക്തികളെയും മുതിര്‍ന്ന പൗരന്‍മാരെയും വൃദ്ധദമ്പതികളെയും അവരുടെ വീട്ടിലെത്തി സംവദിക്കുകയും ആശ്വാസം നല്‍കുകയും ചെയ്യും.ഇവരെ ഒറ്റപ്പെടലില്‍ നിന്നും മോചിപ്പിക്കുന്നതിനായി പൊതുസമൂഹവുമായി ബന്ധം സ്ഥാപിക്കും. ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെ കുടുംബശ്രീ അയല്‍കുട്ടങ്ങളുമായും, യുവജനങ്ങളെ സമീപത്തുള്ള വായനശാല-സാംസ്‌കാരിക സ്ഥാപനങ്ങളിലും, വൃദ്ധജനങ്ങളെ വയോജന അയല്‍കൂട്ടങ്ങളായും, പകല്‍ വീടുകളുമായി ബന്ധപ്പെടുത്തും. ഇവര്‍ക്ക് മാനസീക ഉല്ലാസത്തിന് സംവിധാനമൊരുക്കും. ഉപജീവന മാര്‍ഗങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നവര്‍ക്ക് അതിനുള്ള പ്രേരണയും, പരിശീലനവും നല്‍കും. ഇവരെ വിവിധ ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കും. എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഓരോ അയല്‍കൂട്ട പരിധിയിലും വരുന്ന ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കുകയും, ഇവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി അതാത് അയല്‍കൂട്ടങ്ങളില്‍ ആരോഗ്യദായക വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ഈ വോളണ്ടിയര്‍മാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഗുണഭോക്താക്കളെ നേരിട്ട് സന്ദര്‍ശിക്കുകയോ ഫോണില്‍ വിളിച്ച് ക്ഷേമകാര്യങ്ങള്‍ ഉറപ്പ് വരുത്തണം. ഭക്ഷണം പോലും ലഭ്യമല്ലാത്ത ഗുണഭോക്താക്കള്‍ക്ക് അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സ്നേഹ ഊണ് എന്ന പേരില്‍ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇവരുടെ മാനസീക ഉല്ല്ാസത്തിനായി ഇവരുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ച് ഉല്ലാസ യാത്രകള്‍ സംഘടിപ്പിക്കും. ഇവര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പ്രളയബാധിത മേഖലയില്‍ സ്റ്റാര്‍ട്ട്അപ് ക്വിറ്റ് വിതരണവും നടത്തി വരുന്നു. ആരോഗ്യം കുറച്ചുകൂടി ശ്രദ്ധിക്കുന്നതിനായി കുടുംബശ്രീ സാന്തനം ടീമുമായി ചേര്‍ന്ന് ജീവിതശൈലി രോഗങ്ങളുടെ പരിശോധന സാധ്യമാക്കും. മിനി പകല്‍ വീടുകള്‍ ഒരുക്കി ഇവര്‍ക്കായി കൂട്ടായ്മയും സൃഷ്ടിക്കുകയും ചെയ്യുന്നതടക്കമുള്ള സേവനങ്ങളാണ് കുടുംബശ്രീ മിഷന്‍ സ്നേഹിത കോളിംഗ്ബെല്ലിലൂടെ നടപ്പാക്കുന്നത്.  

ചിത്രം- കുടുംബശ്രീ മിഷന്റെ സ്‌നേഹിത കോളിംഗ് ബെല്‍ പദ്ധതി വാരാചരണം-2019 ന്റ മൂവാറ്റുപുഴ  നിയോജക മണ്ഡലതല ഉദ്ഘാടനം ആവോലി ഗ്രാമപഞ്ചായത്തിലെ  ഇട്ടിയക്കാട്ട് മിച്ചഭൂമി കോളനിയല്‍ താമസിക്കുന്ന മുണ്ടന്‍ചിറ മനു മാത്യുവിന്റെ ഭവന സന്ദര്‍ശനത്തോടെ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു………..

Leave a Reply

Back to top button
error: Content is protected !!