കാലിത്തീറ്റ വിലവര്‍ദ്ധനവ് സര്‍ക്കാരോ മില്‍മയോ കർഷകർക്ക് സഹായകരമായ ഒരു നിലപാടും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി

മൂവാറ്റുപുഴ : ദിവസേന കാലിത്തീറ്റ വിലവര്‍ദ്ധനവ് സര്‍ക്കാരോ മില്‍മയോ കർഷകർക്ക് സഹായകരമായ ഒരു നിലപാടും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴ ബ്ലോക്ക് ക്ഷീരസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലിയും ധര്‍ണയും നടത്തി. മൂവാറ്റുപുഴ നെഹ്‌റു പാര്‍ക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ആരക്കുഴ റോഡിലുളള അസി.രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ സമാപിച്ച് ധര്‍ണയും പൊതുയോഗവും നടത്തി. മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ചിലവിനനുസൃതമായി പാല്‍വില ലിറ്ററിന് 50 രൂപയാക്കുക, ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതിയിലൂടെ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ പാലിന് ഒരു രൂപ സബ്‌സിഡി എന്നത് അഞ്ച് രൂപയാക്കി വര്‍ദ്ധിപ്പിക്കുക, ത്രിതല പഞ്ചായത്തുകളില്‍ നിന്നും നല്‍കുന്ന ഇന്‍സെന്റീവ് തുക 4 രൂപയില്‍ നിന്നു 10 രൂപയാക്കുക, ഒരാള്‍ക്ക് പാലിന് നല്‍കുന്ന സബ്‌സിഡി പരമാവധി തുക 40,000 രൂപയില്‍ നിന്ന് 1,00000 രൂപയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി, സി.എ അബ്രാഹം, പയസ് മാതേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.